ലഖ്നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്ന ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ജില്ല മൈനിം​ഗ് ഓഫീസര്‍ കെ കെ റായിയുടെ അവകാശവാദം അധികൃതര്‍. ഏകദേശം 12 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണം ഖനനത്തില്‍ കണ്ടെത്തിയെന്ന കെ കെ റായിയുടെ പ്രസ്താവന നിഷേധിച്ച് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിറക്കി.

സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു കെ കെ റായ് പറഞ്ഞത്. സോന്‍ പഹാഡിയില്‍ മാത്രം 2943. 26 ടണ്‍ സ്വര്‍ണവും ഹാര്‍ദി മേഖലയില്‍ 646.16 ടണ്‍ സ്വര്‍ണവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1992-93 കാലഘട്ടത്തിലാണ് സോന്‍ഭദ്രയിൽ സ്വർണ ശേഖരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രദേശത്ത് സ്വർണ ശേഖരം കണ്ടെത്താനുള്ള നടപടികൾ ആദ്യം ആരംഭിച്ചത് ബ്രിട്ടീഷുകാരാണെന്നാണ് റിപ്പോർട്ടുകൾ.

സ്വര്‍ണ ശേഖരം കണ്ടെത്തിയതിന്റെ പാശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ മൈനിം​ഗ് ഓഫീസര്‍ അറിയിച്ചിരുന്നു. സ്വര്‍ണത്തിന് പുറമെ യുറേനിയം ഉള്‍പ്പെടെയുളള ധാതുക്കള്‍ ഈ മേഖലയിലുണ്ടാകാനുള്ള അന്വേഷണവും ജിയോളജിക്കല്‍ സര്‍വെ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തള്ളികളഞ്ഞു.

3000 ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേതല്ലെന്നാണ് വിശദീകരണം വന്നിരിക്കുന്നത്. അത്തരത്തിൽ ഒരു കണ്ടെത്തലും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നും ജിഎസ്ഐ വിശദീകരിക്കുന്നു. 160 കിലോ സ്വർണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃത‌ർ വ്യക്തമാക്കി.