മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്. ഇക്കുറി 700 കാളകളും മത്സരാര്‍ഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്. 

മധുര: തമിഴ്നാട്ടിലെ മധുരയില്‍ ജല്ലിക്കെട്ടിനിടെ 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിയാപുരത്താണ് അപകടം ഉണ്ടായത്. ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്. ഇക്കുറി 700 കാളകളും മത്സരാര്‍ഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്. 

അതേസമയം, തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളി. തമിഴ്നാട്ടിലെ കര്‍ഷകനായ എ കെ കണ്ണനാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. 

മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014 ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചതാണ്. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് അനുവദിച്ച് ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് നിയമമാക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ, ജല്ലിക്കെട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിരുന്നു.