മൃഗങ്ങള്‍ക്കിതിരായ അക്രമങ്ങള്‍ക്കെതിരെ 2014 മുതല്‍ സമര രംഗത്തുള്ള വ്യക്തിയാണ് അല്‍താബ്. ക്ഷീര വ്യവസായ രംഗത്ത് മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ വന്നതിന് ശേഷമായിരുന്നു ഇത്


മൃഗങ്ങളെ ബലിനല്‍കുന്നതില്‍ പ്രതിഷേധവുമായി ബക്രീദ് ദിനത്തില്‍ 72 മണിക്കൂര്‍ നിരാഹാര സമരവുമായി മുസ്ലിം യുവാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയായ 33 കാരനാണ് വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ബക്രീദ് ആഘോഷങ്ങള്‍ക്കായി ബലി നല്‍കാനായി സഹോദരന്‍ ആടിനെ മേടിച്ചുകൊണ്ടുവന്നതിന് പിന്നാലെയാണ് യുവാവ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

മൃഗങ്ങള്‍ വലിയ രീതിയിലാണ് ക്രൂരതയ്ക്കിരയാവുന്നത്. ആളുകള്‍ മൃഗബലി അനാവശ്യമാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് തന്‍റെ പ്രതിഷേധമെന്നും വീഗന്‍ ആക്ടിവിസ്റ്റ് കൂടിയായ അല്‍താബ് ഹുസൈന്‍ വിശദമാക്കുന്നു. മൃഗങ്ങള്‍ക്കിതിരായ അക്രമങ്ങള്‍ക്കെതിരെ 2014 മുതല്‍ സമര രംഗത്തുള്ള വ്യക്തിയാണ് അല്‍താബ്. ക്ഷീര വ്യവസായ രംഗത്ത് മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ വന്നതിന് ശേഷമായിരുന്നു ഇത്. ഇതിന് പിന്നാലെ ലെതര്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചതിനൊപ്പം അല്‍താബ് പൂര്‍ണമായി സസ്യാഹാരിയാവുകയായിരുന്നു.

ഒരിക്കല്‍ താനും ഈ സംവിധാനത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഇതിലെ ക്രൂരത തിരിച്ചറിഞ്ഞതോടെ താന്‍ പുനര്‍ ചിന്തനം നടത്തുകയായിരുന്നുവെന്നും അല്‍താബ് പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈദാഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ ബലി നല്‍കാനായി കൊണ്ടുവന്ന മൃഗത്തെ രക്ഷിക്കാന്‍ അല്‍താബിന് സാധിച്ചിരുന്നു. എന്നാല്‍ അല്‍താബിന്‍റെ രീതിയോട് കുടുംബാംഗങ്ങള്‍ക്ക് വിയോജിപ്പാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മകന്‍ നിരന്തരമായ ഭീഷണികള്‍ നേരിടുന്നതില്‍ അല്‍താബിന്‍റെ പിതാവിനുള്ള ആശങ്ക ഹൂസൈന്‍ മറച്ചുവയ്ക്കുന്നില്ല. മതപുരോഹിതന്മാരും ബലി നല്‍കുന്നതിന് അനുകൂലമായതിനാല്‍ മകന് ആചാരങ്ങളേക്കുറിച്ച് ബോധ്യമില്ലെന്നാണ് ഹുസൈന്‍ പ്രതികരിക്കുന്നത്. ബക്രീദിന്‍റെ വേളയില്‍ ഇത്തരം പ്രതിഷേധവുമായി എത്തിയതില്‍ അല്‍താബ് ക്ഷമാപണം നടത്തണമെന്നാണ് മതപുരോഹിതന്‍ ആവശ്യപ്പെടുന്നത്. ക്ഷീര ഉല്‍പ്പനങ്ങളുടെ ഉപയോഗത്തിന് എതിരായി പ്രതിഷേധിക്കുന്നത് മൂലം ഹിന്ദു വിഭാഗത്തില്‍ നിന്നും അല്‍താബിന് എതിര്‍പ്പ് നേരിടുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona