ദിസ്‍പൂര്‍: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 12 ദിവസമായിട്ട് ് പ്രളയക്കെടുതിയില്‍ വലയുന്ന അസമില്‍ 39 പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേർ പ്രളയബാധിതരാണ്. 

427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. 

ഗുവഹാത്തി, തേസ്പൂർ ഉൾപ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസമിലെ പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാർ അസമിലെ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ നൽകും. പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സർക്കാർ അഭ്യർത്ഥിച്ചു.