ലഖ്നൗ: ദീപശോഭയില്‍ മുങ്ങിയ അയോധ്യക്ക് പുതിയ റെക്കോര്‍ഡ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി  410,000 ദീപങ്ങളാണ് സരയൂ നദീതീരത്ത് തെളിഞ്ഞത്. ബിജെപി സര്‍ക്കാരിന്‍റെ ദീപോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് സരയുവിന്‍റെ തീരം ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ വര്‍ഷം തിരുത്തിക്കുറിച്ചത്. 

ഫൈസാബാദിലെ റാം മനോഹര്‍ ലോഹിയ സര്‍വ്വകലാശാലയിലെ 5000 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ്  പ്രദേശം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചത്. ഫിജി മന്ത്രി വീണ ഭട്നഗര്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

2017 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ യോഗി സര്‍ക്കാര്‍ ഏഴ് മാസങ്ങള്‍ക്കിപ്പുറം ഒക്ടോബറിലാണ് അയോദ്ധ്യയില്‍ ആദ്യ ദീപോത്സവ് ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടിയില്‍ ദക്ഷിണ കൊറിയയിലെ പ്രഥമ വനിതയായ കിം ജുങ്-സൂക്ക് ആയിരുന്നു മുഖ്യാതിഥി. അന്ന് മൂന്ന് ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച പരിപാടി ലോക റെക്കോര്‍ഡിനും അര്‍ഹമായിരുന്നു.