Asianet News MalayalamAsianet News Malayalam

നാല് ദിവസം പ്രായമായ കുഞ്ഞിന് ചികിത്സ നല്‍കാതെ മൂന്ന് മണിക്കൂര്‍ ചുറ്റിച്ചു; ഒടുവില്‍ ദാരുണാന്ത്യം

മൂന്ന് മണിക്കൂര്‍ ആശുപത്രി അധികൃതര്‍ ചുറ്റിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 

4 day infant dies after refusing medical treatment
Author
Bareilly, First Published Jun 20, 2019, 9:03 AM IST

ബറേലി(ഉത്തര്‍പ്രദേശ്): ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാല് ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു.  ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ചികിത്സ വൈകി. ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. 

ശ്വാസതടസ്സം നേരിട്ട കുട്ടിയെ പുരുഷന്മാരുടെ ആശുപത്രിയിലാണ് മാതാപിതാക്കള്‍ ആദ്യം എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കാതെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ വനിതകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. വനിതകളുടെ ആശുപത്രിയിലെത്തിയപ്പോള്‍ കിടക്കാന്‍ ബെഡില്ലെന്ന് പറഞ്ഞ് വീണ്ടും പുരുഷന്മാരുടെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. സഹികെട്ട മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൂന്ന് മണിക്കൂറാണ് ആശുപത്രി അധികൃതര്‍ ചുറ്റിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.

കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നല്‍കിയ കുറിപ്പും പുറത്തുവന്നു. സംഭവം വിവാദമായതോടെ ഇരു ആശുപത്രി അധികൃതരും പരസ്പരം പഴിചാരി രംഗത്തെത്തി. വിമര്‍ശനത്തെ തുടര്‍ന്ന് പുരുഷ ആശുപത്രിയിലെ പ്രിസൈഡിംഗ് ഡോക്ടറെ സസ്പെന്‍റ് ചെയ്തു. അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നടപടിയെടുത്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. 

Follow Us:
Download App:
  • android
  • ios