ഗോവയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പൗരത്വ ഭേദഗതിക്കെതിരായ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.  

പനാജി: ഗോവയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പൗരത്വ ഭേദഗതിക്കെതിരായ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. പൗരത്വ ഭേദഗതി സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് നേതാക്കള്‍ പറഞ്ഞു. പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് പ്രസാദ് അമോന്‍കര്‍, നോര്‍ത്ത് ഗോവ മൈനോറിറ്റി സെല്‍ ചീഫ് ജാവേദ് ഷെയ്ക്ക്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബുള്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവരാജ് തര്‍ക്കാര്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്.

കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നമ്മള്‍ കാര്യങ്ങളെ വിമര്‍ശിക്കുകയാണ് ചെയ്യേണ്ടത് മറിച്ച് എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കുകയല്ല. പൗരത്വ ഭേദഗതി നിയമം സ്വാഗതം ചെയ്യപ്പെടേണ്ടവയാണ്. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണം. കഴിഞ്ഞ ആഴ്ച ഞങ്ങളും പൗരത്വ ഭേദഗതിക്കെതിരെ സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നേതാക്കളില്‍ പലരും പ്രസംഗത്തിലൂടെ പേടി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ശരിയല്ല. ഗോവ സമാധാനവും സന്തോഷമവുമുള്ള ഒരു നാടാണ് അവിടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസെന്നും നേതാക്കള്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ബാധിക്കുന്നതല്ലെന്നും, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണെന്നും ആര്‍ക്കെങ്കിലും പൗരത്വത്തിന് അപേക്ഷിക്കണമെങ്കില്‍ നിലവിലുള്ള പൗരത്വ മാനദണ്ഡപ്രകാരം അപേക്ഷിക്കാനുള്ള അവസരമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.