Asianet News MalayalamAsianet News Malayalam

ഗോവയില്‍ മന്ത്രിസഭ വികസിപ്പിച്ചു ; മുന്‍ പ്രതിപക്ഷനേതാവ് ഇനി ഉപമുഖ്യമന്ത്രി

ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പിളര്‍ത്തി ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരും മന്ത്രിസഭയില്‍ 

4 New Ministers Join Goa Cabinet, Including 3 Congress Defectors
Author
Panaji, First Published Jul 13, 2019, 4:04 PM IST

പനാജി: ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഉപമുഖ്യമന്ത്രിയായതാണ് മന്ത്രിസഭാ പുനസംഘടനയിലെ പ്രധാന മാറ്റം. ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കള്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ പുതുതായി മന്ത്രിസഭയിലെത്തിയവരുടെ എണ്ണം നാലായി. 

അതേസമയം ബിജെപി സഖ്യകക്ഷിയും സര്‍ക്കാരിന്‍റെ ഭാഗവുമായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളോടും സ്വതന്ത്ര അംഗമായ റോഹന്‍ ഖൗണ്ടേയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി അംഗങ്ങള്‍ ഇതുവരെ രാജിവച്ചിട്ടില്ല. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി, വിനോദ് പാലിനേക്കര്‍, ജയേഷ് സല്‍ഗോകര്‍ എന്നിവരാണ് മന്ത്രിസഭയിലെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രതിനിധികള്‍.  ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ബിജെപി ദേശീയ നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ് പാര്‍ട്ടി എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നതെന്നും സംസ്ഥാന ബിജെപി നേതാക്കള്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ലെന്നും ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി  ട്വിറ്ററിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രതിനിധികള്‍ അനുസരിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. 

പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ നിലവില്‍ ഗോവ നിയമസഭയിലെ ബിജെപി അംഗസംഖ്യ 27 ആയിട്ടുണ്ട്. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 40 അംഗ നിയമസഭയില്‍ അവര്‍ കേവലഭൂരിപക്ഷം ഉറപ്പാണ് ഈ സാഹചര്യത്തിലാണ് ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ചും ബിജെപി മുന്നോട്ട് പോകുന്നത്. 

Follow Us:
Download App:
  • android
  • ios