അസ്ഥി രോഗ വൈകല്യമുണ്ടെന്നും ടോൾ ഇളവിനുള്ള രേഖകൾ കാണിച്ചതോടെ കാറിൽ നിന്ന് ഇറങ്ങി നടന്ന് കാണിക്കാനായിരുന്നു ടോൾ പ്ലാസ ജീവനക്കാർ ആവശ്യപ്പെട്ടത്.
ചാന്ദിമന്ദിർ: അസ്ഥിരോഗ വൈകല്യമുള്ള യുവതിയ്ക്ക് ടോൾ പ്ലാസയിൽ വച്ച് തടയുകയും പണം ഈടാക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിക്ക് പിഴയിട്ട് കോടതി. ചണ്ഡിഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻനാണ് ദേശീയപാത അതോറിറ്റിക്ക് പിഴയിട്ടത്. 40 രൂപയാണ് അസ്ഥി രോഗ വൈകല്യമുള്ള യുവതിയിൽ നിന്ന് ടോളായി ദേശീയ പാതാ അതോറിറ്റി അധികൃതർ പിരിച്ചെടുത്തത്. യുവതിക്ക് 17000 രൂപ നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ചണ്ഡിഗഡിലെ സെക്ടർ 27ലെ താമസക്കാരിയായ ഗീത എന്ന യുവതിയുടെ പരാതിയിലാണ് നടപടി. അംഗപരിമിതർക്കായുള്ള പ്രത്യേക സംവിധാനങ്ങളോട് കൂടിയ പുതിയ കാറുമായി ടോൾ പ്ലാസയിലെത്തിയ യുവതിയിൽ നിന്ന് നിർബന്ധിതമായ ടോൾ ഈടാക്കുകയായിരുന്നു. ഇത്തരം വാഹനങ്ങൾക്ക് ടോൾ നൽകുന്നതിൽ ഇളവുള്ളപ്പോഴാണ് ടോൾ നൽകാനായി നിർബന്ധിച്ച് പ്ലാസയിൽ വച്ച് ജീവനക്കാർ പരിഹസിച്ചത്. അംഗപരിമിതർക്കുള്ള വാഹനമെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കൾ അടക്കമുള്ളതായിരുന്നു യുവതിയുടെ കാർ.
2024 ഏപ്രിൽ 28നാണ് സംഭവം. ഹിമാചൽപ്രദേശിലെ കസോളിലുള്ള കുടുംബത്തെ സന്ദർശിക്കാനായി പോയ സമയത്തി യുവതിയിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല. എന്നാൽ തിരികെ ചണ്ഡിഗഡിലേക്ക് വരുമ്പോൾ ചാന്ദിമന്ദിർ ടോൾ പ്ലാസയിൽ വച്ചാണ് യുവതിയിൽ നിന്ന് 40 രൂപ ടോൾ ഈടാക്കിയത്. അംഗപരിമിതയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും കാറിന്റെ രജിസ്ട്രേഷൻ നമ്പറും കാണിച്ച ശേഷവും യുവതിയിൽ നിന്ന് ടോൾ ഈടാക്കുകയായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കാനും കാറിന് പുറത്തിറങ്ങി നടന്ന് കാണിക്കാനുമായിരുന്നു ടോൾ പ്ലാസയിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടത്. അംഗപരിമിതർക്ക് ആനുകൂല്യമുള്ള ലൈനിൽ കൂടി സഞ്ചരിച്ച ശേഷവും ഫാസ്റ്റ് ടാഗിൽ നിന്ന് പണം പിടിച്ചതോടെയാണ് യുവതി കോടതിയിലെത്തിയത്.
ടോൾ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനും യുവതി നേരിട്ട അപമാനത്തിനും അനീതിക്കുമാണ് ദേശീയ പാതാ അതോറിറ്റിക്ക് പിഴയിട്ടിരിക്കുന്നത്. ദേശീയ പാതാ അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും പരിഹാരമില്ലാതെ പരാതി അധികൃതർ തള്ളുകയായിരുന്നു. ഉപഭോക്തൃ കമ്മീഷന്റെ നോട്ടീസ് ലഭിച്ച ശേഷവും വിഷയത്തിൽ ദേശീയ പാതാ അതോറിറ്റി പ്രതികരിക്കാതെ കൂടി വന്നതോടെയാണ് കോടതി ഉത്തരവ്.
