വാഹനത്തിൽ നിന്ന് ഊരുമാറ്റാവുന്ന  ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പൊലീസ് ഇൻസ്‌പെക്ടർ വി ജാനകി രാമയ്യ പറഞ്ഞു.

അമരാവതി: ഇലക്ട്രിക് ബൈക്കിന്റെ (Electric Bike) ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിജയവാഡ‌യിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പുക ശ്വസിച്ച് കുട്ടികൾക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോൾ ആരോ​ഗ്യവാന്മാരാണെന്നും പൊലീസ് പറഞ്ഞു.

ഡിടിപി തൊഴിലാളിയായിരുന്ന കെ ശിവകുമാർ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വാഹനത്തിൽ നിന്ന് ഊരുമാറ്റാവുന്ന ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പൊലീസ് ഇൻസ്‌പെക്ടർ വി ജാനകി രാമയ്യ പറഞ്ഞു. സ്‌ഫോടനത്തിൽ വീട്ടിൽ തീപിടിത്തമുണ്ടായി, എയർ കണ്ടീഷനും മെഷീനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കുടുങ്ങിയ കുടുംബത്തെ പുറത്തെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

ഇ സ്കൂട്ടറുകൾക്ക് തീപിടിക്കൽ; കമ്പനികൾക്ക് വൻപിഴ, വാഹനങ്ങൾ തിരിച്ചുവിളിക്കും- മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ദില്ലി: സമീപ ദിവസങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തെന്നും അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇലക്‌ട്രിക് ടൂ വീലറുകളുടെ അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി റിപ്പോർട്ട് ചെയ്തു. അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവങ്ങൾ ദൗർഭാ​ഗ്യകരമാണ്. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനും വിദഗ്ധ സമിതി രൂപീകരിച്ചു'- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. 

ഈ മാസം ആദ്യം ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഒകിനാവ ഓട്ടോടെക് സ്കൂട്ടർ കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാർ ​ഗൗരവത്തോടെ സംഭവങ്ങളെ സമീപിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്കായി ഗുണനിലവാര മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിക്കും. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകും. കമ്പനികൾ നിർദേശം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും. കൂടാതെ പരാതിയുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാനും ഉത്തരവിടുമെന്നും ​ ഗഡ്കരി പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ കമ്പനികളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതിനിടെയാണ് വാഹനങ്ങൾക്ക് തീപിടിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. 2030 ഓടെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 80 ശതമാനവും ഇവി വാഹനങ്ങളാകുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) നിർമ്മിക്കുന്നതിന് സർക്കാർ വലിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.