തേങ്ങകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 2 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ സെൽ ഉൾപ്പെടെയുള്ള ഏജൻസികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. 400 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്നു ലോറി. തേങ്ങകൾക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ ഉടൻ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാൻ സ്വദേശികളാണ്. ചോട്ടു നാരായണ ലാൽ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാൽ നായക് എന്നിവരാണ് പ്രതികൾ. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
മയക്കുമരുന്ന് വ്യാപാരത്തിനെതിരായ വലിയൊരു നടപടിയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ സെൽ പറഞ്ഞു. ഈ ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായി തിരച്ചിൽ തുടങ്ങിയെന്നും നാർക്കോട്ടിക് കൺട്രോൾ സെൽ അറിയിച്ചു. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്‍റിന്‍റെ ഖമ്മം വിഭാഗം, റച്ചകൊണ്ട നാർക്കോട്ടിക് പൊലീസ്, റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെൽ എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.


