Asianet News MalayalamAsianet News Malayalam

'ലോക്ക്ഡൗൺ രക്തസാക്ഷികൾ', നാട്ടിലേക്ക് പുറപ്പെട്ട് വഴിയിൽ മരിച്ചുവീണത് 58 തൊഴിലാളികൾ

വിവിധ റോഡപകടങ്ങളിലായി 42 അതിഥിത്തൊഴിലാളികൾ ലോക്ക് ഡൗണിന് ശേഷം വീട്ടിലേക്ക് കാൽനടയായി പോകുന്നതിനിടയിലും ബസ്സിലും ട്രക്കിലും ഒളിച്ച് കയറുന്നതിനിടെയും മരിച്ചെന്നാണ് കണക്ക്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ ട്രാക്കിൽ കിടന്നുറങ്ങവെ മരിച്ച തൊഴിലാളി കുടുംബങ്ങൾ.

42 migrant workers along with those dies in aurangabad railway accident victims make the death count of migrant workers to 58 report
Author
New Delhi, First Published May 8, 2020, 12:07 PM IST

ദില്ലി: ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വിവിധ റോഡപകടങ്ങളിലും കാൽനടയായി നാട്ടിലേക്ക് പോകാൻ ശ്രമിക്കവെയുള്ള അപകടങ്ങളിലും പെട്ട് മരിച്ച അതിഥിത്തൊഴിലാളികളുടെ എണ്ണം 58 എന്ന് റിപ്പോർട്ട്. ലോക്ക് ഡൗണിന് ശേഷം വീട്ടിലേക്ക് കാൽനടയായി പോകുന്നതിനിടയിലും ബസ്സിലും ട്രക്കിലും ഒളിച്ച് കയറുന്നതിനിടെയും 42 പേർ മരിച്ചു. ഇന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്ത് ട്രാക്കിൽ കിടന്നുറങ്ങുന്നതിനിടെ കുട്ടികൾ ഉൾപ്പടെ 16 പേർ മരിച്ചതു കൂടി കണക്കുകൂട്ടിയാൽ ലോക്ക്ഡൗണിന്‍റെ രക്തസാക്ഷികളായത് 58 പേരാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ ഇതിന് പുറമേ ഉണ്ടാകാമെന്നും പഠനം പറയുന്നു. സേവ് ലൈഫ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

മാർച്ച് 24-ന്  ലോക്ക് ഡൗൺ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഇതുവരെയുള്ള റോഡപകടങ്ങളുടെ മുഴുവൻ കണക്കെടുത്താണ് സംഘടന ഈ കണക്ക് റിപ്പോ‍ർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോക്ക്ഡൗൺ കാലയളവിൽ രാജ്യത്ത് മൊത്തത്തിൽ വാഹനഗതാഗതം കുറവായിരുന്നതിനാൽ വാഹനാപകടം മൂലമുള്ള മരണസംഖ്യയും കുറവായിരുന്നു. ആകെ രാജ്യത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 140 പേരാണ്. പക്ഷേ ഇതിൽ 30 ശതമാനത്തിലധികവും അതിഥിത്തൊഴിലാളികളായിരുന്നു. ബസ്സുകളിലോ ട്രക്കുകളിലോ ഒളിച്ച് പോകാൻ ശ്രമിച്ചത് മുതൽ ദേശീയപാത വഴി നടക്കുമ്പോൾ വരുന്ന ട്രക്കുകളും കാറുകളും ഇടിച്ചാണ് ഇതിലധികം പേരും മരിച്ചത്.

ലോക്ക്ഡൗൺ കാലയളവിൽ 600 വാഹനാപകടങ്ങളാണ് റിപ്പോ‍ർട്ട് ചെയ്തത്. അതിഥിത്തൊഴിലാളികൾക്ക് പുറമേ അവശ്യസർവീസുകൾക്ക് പോകുകയായിരുന്ന 17 പേരും വിവിധ വാഹനാപകടങ്ങളിലായി മരിച്ചു. ലഭ്യമായ കണക്കുകൾ മാത്രമാണിതെന്നും, ചില സംസ്ഥാനങ്ങൾ പൂർണവിവരം നൽകിയിട്ടില്ലെന്നാണ് നിഗമനമെന്നും ഈ സംഘടന തന്നെ പറയുന്നു.

കേരളം ലോക്ക്ഡൗണിലെ വാഹനാപകട മരങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനത്താണെന്ന കണക്കും ഇതിലുണ്ട്. 140 മരണങ്ങളിൽ 100 എണ്ണവും ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, കേരളം, കർണാടക, രാജസ്ഥാൻ, പ‍ഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്. 

Follow Us:
Download App:
  • android
  • ios