ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തിയ 42കാരന്‍ അറസ്റ്റില്‍. ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ മധ്യവയസ്കനാണ് അറസ്റ്റിലായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം ഇയാളെ കുശുമ്പി ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

രാജ്യദ്രോഹം അടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടക്ക് പൊലീസിന്‍റെ സഹായത്തോട് കൂടിയാണ് ഇയാളെ പിടികൂടിയത്. സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരായ പരാതിയുള്ളത്. ഒഡിഷയിലെ സാലിപൂരില്‍ ചെറിയ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ നിരവധിപ്പേര്‍ക്ക് അയച്ചെന്നാണ് പരാതി. 

സമൂഹമാധ്യമങ്ങളില്‍ സന്ദേശം വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.