Asianet News MalayalamAsianet News Malayalam

മദ്യ ഷോപ്പുകളില്‍ വീണ്ടും കോടികളുടെ മണികിലുക്കം; ഒറ്റദിവസം കൊണ്ട് 45 കോടിയുടെ മദ്യം വിറ്റ് കര്‍ണാടക

രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമുണ്ടായി. കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്.

45 crores worth liquor sale in karnaraka
Author
Bengaluru, First Published May 4, 2020, 11:14 PM IST

ബംഗളൂരു: ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നതിനിടെ മദ്യ ഷോപ്പുകള്‍ തുറന്ന കര്‍ണാടകയില്‍ റെക്കോര്‍ഡ് വില്‍പ്പന. ഒരു ദിവസം കൊണ്ട് 45 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റതെന്ന് കര്‍ണാടക എക്സൈസ് വിഭാഗം അറിയിച്ചു. രാവിലെ മുതല്‍ വലിയ തിരക്കാണ് കര്‍ണാടകയില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലുണ്ടായത്.

രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമുണ്ടായി. കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്. മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.

പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്. കൃത്യമായ സാമൂഹ്യാകലം പാലിക്കാൻ പൊലീസിന് പോലും പറയാനാകുന്നില്ല. കർണാടകയിലെ പലയിടങ്ങളിലും പൂജ നടത്തി മദ്യശാലകൾ തുറന്നത് കൗതുകമായി. ഛത്തീസ്ഗഢിൽ പക്ഷേ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ. ദില്ലിയിൽ പലയിടത്തും വൻ തിരക്ക് കണ്ടതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Follow Us:
Download App:
  • android
  • ios