അപകടം നടന്ന സമയത്ത് ബോംബ് പൊട്ടുന്ന പോലെ ഒരു ശബ്ദമുണ്ടായെന്നും പിന്നാലെ മലവെള്ളപ്പാച്ചിലുണ്ടായെന്നുമാണ് ആശുപത്രിയിൽ എത്തിച്ചവർ പറയുന്നത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 46 ആയി. മരിച്ചവരിൽ രണ്ട് സിആർപിഎഫ് ജവാന്മാരും ഉണ്ടെന്ന് വിവരം. പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ ഇന്നും തുടരുകയാണ്. സൈന്യവും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. അപകടത്തിൽ 167 പേരെ അപകടം നടന്ന സ്ഥലത്ത് നിന്നും രക്ഷപ്പെടുത്താനായിട്ടുണ്ട്. എന്നാൽ എത്രപേരെ കാണാതായി എന്നതിൽ കൃത്യമായ കണക്ക് നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

ഉച്ചയ്ക്ക് 12:30 യോടെയാണ് കിഷ്ത്വാറിലെ ചശോതി മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. മചയിൽ മാതാ തീർത്ഥപാതയിലാണ് അപകടമുണ്ടായത്. തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ വേണ്ടി ഒരുക്കിയിരുന്ന താൽക്കാലിക ടെന്‍റുകൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. അതുകൊണ്ട് നിരവധി തീർത്ഥാടകർ അപകടത്തിൽ പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. കൃത്യമായ കണക്കെടുക്കുക എന്നത് പ്രസായസകരമാണ്. നൂറിലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

അപകടം നടന്ന സമയത്ത് ബോംബ് പൊട്ടുന്ന പോലെ ഒരു ശബ്ദമുണ്ടായെന്നും പിന്നാലെ മലവെള്ളപ്പാച്ചിലുണ്ടായെന്നുമാണ് ആശുപത്രിയിൽ എത്തിച്ചവർ പറയുന്നത്. മിന്നൽ പ്രളയത്തിൽ കല്ലും മണ്ണും ഇരച്ചെത്തി. തലനാരിഴക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ആശുപത്രിയിലെത്തിച്ചവർ പറയുന്നത്. അപകടം നടന്ന സ്ഥലത്ത് സൈന്യത്തെകൂടി ഉൾപ്പെടുത്തി തെരച്ചിൽ ആരംഭിച്ചു. സിഐഎസ്എഫും സിആർപിഎഫും രംഗത്തുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഡാവർ ഡോഗുകളെ എത്തിച്ചും തെരച്ചിൽ നടത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്താൻ പറ്റിയിരുന്നില്ല. ഇന്ന് കാലാവസ്ഥ അനുകൂലമായാൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ 150ലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ ജമ്മുകാശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അവസാനത്തെ കണക്കനുസരിച്ച് മരണ സംഖ്യ 46 ആണെങ്കിലും, നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാണ് സാധ്യതയെന്നാണ് അധികൃതർ പറയുന്നത്.

കിഷ്ത്വാറിലെ മിന്നൽ പ്രളയത്തിൽ 46 മരണം, കാണാതായവർക്കായി തെരച്ചിൽ ഇന്നും തുടരും