ദില്ലി: ദില്ലി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. രാജ്യതലസ്ഥാനത്ത് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂടുന്നു. ദില്ലിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ വിഹാറിലെ സിആർപിഎഫ് ക്യാമ്പ്. 350 ജവാന്മാരുള്ള ക്യാമ്പിലാണ് മലയാളിയടക്കം നാല്പതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ആശങ്കയിൽ ദില്ലിയിലെ മലയാളി നഴ്സിംഗ് സമൂഹം; നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളും

ഇന്നലെ മരിച്ച അസാം സ്വദേശിയിൽ നിന്നാണ് ക്യാന്പിൽ രോഗവ്യാപനം ഉണ്ടായത്. തുടര്‍ന്ന് ക്യാമ്പ് പൂര്‍ണമായി അടച്ചിരുന്നു. 100 ജവാന്മാരുടെ സാന്പിൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ദില്ലി ജഹാംഗീ‍ർപുരിയിലെ  ബിജെആർഎം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്  സ്ഥീരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി. അസി.പ്രഫസർ ഉൾപ്പടെ നാല് പേർക്ക് രോഗം സ്ഥീരീകരിച്ചതോടെ സഫ്ദർജംഗ് ആശുപത്രിയിലെ ത്വക്ക് രോഗവിഭാഗം അടച്ചു. കൊൽക്കത്തിലെ നാരായണ ആശുപത്രിയിൽ 4 മലയാളികൾ അടക്കം ഒന്പത് നഴ്സുമാര്‍ കൂടി കൊവിഡ് ബാധിതരായി.