ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിനാണ് 4ജി ഇന്റര്‍നെറ്റ് സേവനം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. 

ദില്ലി: ഒന്നര വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചതായി കേന്ദ്രഭരണ പവര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിനാണ് 4ജി ഇന്റര്‍നെറ്റ് സേവനം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കശ്മീരിലെ ഗന്ദര്‍ബാല്‍, ജമ്മുവിലെ ഉദ്ധംപുര്‍ എന്നിവിടങ്ങളില്‍ 4ജി അനുവദിച്ചെങ്കിലും മറ്റുള്ള സ്ഥലങ്ങളില്‍ അനുവദിച്ചിരുന്നില്ല.

4ജി സേവനം പുനസ്ഥാപിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. '4ജി മുബാറക്ക്! 2019 ഓഗസ്റ്റിന് ശേഷം ജമ്മു കശ്മീരില്‍ 4ജി സേവനം പുനസ്ഥാപിച്ചു. ഇല്ലാതിരിക്കുന്നതിലും ഭേദമാണ് വൈകുന്നത്'. അദ്ദേഹം ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ സേവനം നല്‍കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.