വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ മാതൃകയില്‍ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കാനും പദ്ധതിയുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുക. ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റി.  അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു. 

ഞങ്ങള്‍ക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. എന്‍റെ പ്രശ്നമെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ ദിവസം ഏകദേശം 50000 പേരെ കണ്ടപ്പോള്‍ തന്നെ എനിക്ക് നന്നായി തോന്നിയില്ല. ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഹൂസ്റ്റണില്‍ 50000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു.