ചെന്നൈ: തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും.

രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണ്. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി. ഈറോഡും സേലത്തും ജാഗ്രതാ നിർദേശം നൽകി. ഇതിന് പിന്നാലെ തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു. 

നിസാമുദ്ദീനിലെ സമ്മേളനത്തിൽ തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ 1130 പേർ തമിഴ് നാട്ടിൽ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് സർക്കാർ. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കാർ ഇതുവരെ തയ്യാറാക്കിയ കണക്കുകൾ പ്രകാരം തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. അതിനിടെ മുംബൈയിലും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച് 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശിയാണ് ഇത്. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു.

കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിന് പോയ 17 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ നിരീക്ഷണ കേന്ദ്രത്തിൽ മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. നിസാമുദ്ദീനിലെത്തിയ കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവർ.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 72 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് 1030 പേർ പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും മുംബൈയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകൾ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ത്യയിൽ ആദ്യമാണ്.

നിസാമുദീനിലെ മർകസിൽ മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്ത 1030 പേരിൽ ഹൈദരാബാദിൽ നിന്ന് മാത്രം 603 പേരുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും ഈ പരിപാടിയിൽ ആളുകൾ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. 

അതിനിടെ അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.