ഭൂമി വാങ്ങിയതിന്റെ രേഖകൾ കൈവശമുണ്ടെന്ന് വീട് നഷ്ടമായവർ
ദില്ലി: ദില്ലിയിലെ സംഗം വിഹാറിലുള്ള 50 വീടുകൾ പൊളിച്ച് മാറ്റി ദില്ലി വനം വകുപ്പ്. സ്ഥലം വനഭൂമിയാണെന്ന വാദമാണ് വകുപ്പ് ഉയർത്തുന്നത്. വർഷങ്ങളായി കഴിഞ്ഞിരുന്ന വീടുകൾ ഒരു ദിവസം കൊണ്ട് തകർത്തതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ളവർ.
ഒരു മതിലിനപ്പുറമുള്ളത് വനം. 1994 ൽ ദില്ലി വനം വകുപ്പ് കെട്ടിയ ആ മതിൽ നൽകിയ ഉറപ്പിലാണ് സംഘം വിഹാറിലെ 50 വീട്ടുകാരും നാളിതുവരെ ഇവിടെ കഴിഞ്ഞിരുന്നത്. ഈ മതിൽ നൽകിയ ഉറപ്പിലാണ് പലരും ഇവിടേക്ക് വന്നത്. ഇന്ന് അതേ മതിലും പൊളിച്ച് ദില്ലി വനം വകുപ്പ് തങ്ങളുടെ വീടുകളും കവർന്നെടുത്തതിന്റെ ഞെട്ടലിലാണ് ഇവിടുത്തുകാർ. വർഷങ്ങളായി ഇവിടെ കഴിഞ്ഞവരാണ് പലരും. വർഷങ്ങൾക്ക് മുന്‍പേ ഇവിടേക്ക് വന്നവർ.
ജഗ് മോഹൻ എന്നയാളുടെ കൈവശമിരുന്ന ഭൂമിയാണിതെന്നും പല അധികാര കേന്ദ്രങ്ങളുമായി ഉന്നത ബന്ധമുണ്ടായിരുന്ന ഇയാളിൽ നിന്നും തങ്ങൾ ഭൂമി വാങ്ങുകയായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. ദില്ലി സർക്കാരിന്റെ നടപടിക്ക് എതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. ഭൂമി വാങ്ങിയതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഇവർ വാദിക്കുന്നു. കോടതിയും കൈവിട്ടാൽ എങ്ങോട്ടെക്ക് പോകുമെന്ന് ഇവർക്ക് അറിയില്ല.

