പട്ന: ആയുധ ധാരികളായ ആറ് പേര്‍ ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയില്‍ അര്‍ധ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 3.5 ലക്ഷം രൂപ വിലവരുന്ന ഉള്ളി കൊള്ളയടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. 50 കിലോയുടെ 102 ഉള്ളിച്ചാക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. 

ദേശീയപാതയിലൂടെ പോകുകയായിരുന്ന ട്രക്കിനെ കാറിലെത്തിയ ആറംഗ സംഘം  തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ ദേശ് രാജിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ട്രക്ക് കൊള്ളയടിച്ചു. ട്രക്കിലെ ഉള്ളി കവര്‍ച്ചക്കാരുടെ സ്ഥലത്ത് ഇറക്കിയ ശേഷം പസൗലി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പില്‍ ട്രക്ക് ഉപേക്ഷിച്ചു. ട്രക്ക് ഡ്രൈവര്‍ ദേശ് രാജിനെ നാല് മണിക്കൂറോളം കാറില്‍ കറക്കി ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിട്ടു.

സംഭവത്തില്‍ മൊഹാനിയ പൊലീസ് കേസെടുത്തു. കുറച്ച് ദിവസം മുമ്പും സമാന സംഭവമുണ്ടായതായി പൊലീസ് പറഞ്ഞു. പഛഗഞ്ച് എന്ന സ്ഥലത്ത് രണ്ട് ലക്ഷം രൂപ വിലവരുന്ന ഉള്ളിയുമായി സംഘം കടന്നുകളഞ്ഞിരുന്നു. കവര്‍ച്ചക്കാര്‍ക്കുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.