ദില്ലി: രാജ്യത്തെ അറുപത് ജില്ലകളില്‍ കൊവിഡ് ആശങ്കാജനകമായ സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിശോധനകൾ വർധിപ്പിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകണമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ജനങ്ങളിൽ ചിലർക്ക് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലായിട്ടില്ലെന്നും ബോധവൽക്കരണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

രോഗ വ്യാപനം കൂടുതലുള്ള രാജ്യത്തെ അറുപത് ജില്ലകളിലെയും ജനങ്ങളോടുമായി വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ സംവദിക്കണമെന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ രോഗലക്ഷണം കാണിക്കാത്ത രോഗികളാണ് കൂടുതൽ. ജനങ്ങളില്‍ ചിലര്‍ക്ക് രോഗ വ്യാപനത്തിന്‍റെ ഗൗരവം മനസ്സിലായിട്ടില്ല. മാസ്ക്, സാമൂഹിക അകലം, ശുചിത്വം, നീരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ വിതരണം, അണ്‍ലോക്ക് അഞ്ചിലെ ഇളവുകളെന്നിവയും യോഗത്തില്‍ ചർച്ചയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം മുടക്കമില്ലാതെ ലഭ്യമാക്കണെമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടു.