അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടയിൽ, ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടയിൽ, ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. 'പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ചോ എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
രാജ്യത്തുടനീളമുള്ള സ്വർണ്ണ-വെള്ളി വ്യാപാരികളുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ജ്വല്ലേഴ്‌സ് അസോസിയേഷൻ ആണ് ഈ 60 കിലോഗ്രാം വെള്ളി കട്ടകൾ നിർമ്മിച്ച് നൽകിയത്. വെള്ളി കട്ടകൾ 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്' കൈമാറിയതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. എന്നാൽ തറക്കല്ലിടൽ ചടങ്ങുകളിലോ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും പിന്നീട് ഇവ കാണാതാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്‍റെ ഭാഗമായി എസ്‌ഐടി സംഘം രാംശങ്കർ യാദവ് കൃഷ്ണദേവ് തിവാരി എന്നിവരെയും നാല് പൂജാരിമാരെയും ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി, കാണാതായ വെള്ളി കട്ടകളെക്കുറിച്ചോ, നിലവിൽ അന്വേഷണ പരിധിയിലുള്ള ഒരു മാലയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് മൊഴി നൽകിയത്. ലക്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരൺ എസ്, സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങുന്ന മൂന്നംഗ എസ്‌ഐടി സംഘമാണ് കേസ് അന്വേഷിക്കുന്നത്. വഴിപാടുകൾ സ്വീകരിക്കുന്നതിലും അവ സൂക്ഷിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും പാലിച്ച നടപടിക്രമങ്ങൾ സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. കൂടാതെ സംഭാവനകളിൽ മേൽനോട്ടം വഹിക്കുന്ന രാമക്ഷേത്ര ട്രസ്റ്റിലെ ഡോ. അനിൽ മിശ്രയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, വജ്രാഭരണങ്ങൾ എന്നിവ മാറ്റി പകരം വ്യാജമായവ വെച്ചെന്നും, പണമായി ലഭിച്ച സംഭാവനകൾ വകമാറ്റി കടത്തിയെന്നുമാണ് പ്രധാന ആരോപണം. ജൂൺ 7-ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കാണാതായതായി ആരോപിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായത്. തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർത്ഥന പ്രകാരം ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ എസ്‌ഐടി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം അയോധ്യ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്‌ഐടി അന്വേഷണത്തെ പിന്തുണച്ചു. ട്രസ്റ്റിന്‍റെ ആവശ്യപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഇത് സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിനായി 500 വർഷം കാത്തിരുന്ന ഭക്തർക്ക്, അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് 15 ദിവസം കൂടി കാത്തിരിക്കാമെന്നും, അതിനുമുമ്പ് അയോധ്യയെ അപകീർത്തിപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



