മരണം മുന്നിൽ കണ്ട് ആകാശച്ചുഴിയിൽപെട്ട വിമാനത്തിലെ യാത്രക്കാർ. ഫുക്കറ്റിൽനിന്ന് ദില്ലിയിലേക്ക് പറന്ന വിമാനമാണം യാത്രാമധ്യേ ആകാശച്ചുഴിയിൽ പെട്ടത്. രാവിലെ 8:25നാണ് വിമാനം ഫുക്കറ്റിൽനിന്ന് പുറപ്പെട്ടത്.

ദില്ലി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു. ഒരു യാത്രക്കാരന്റെ മുഖത്ത് ചോരയുണ്ടായിരുന്നു". ആകാശച്ചുഴിയിൽപെട്ട വിമാനത്തിലെ യാത്രക്കാരിയുടെ വാക്കുകളാണിവ. ഫുക്കറ്റിൽനിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം യാത്രക്കിടെ ആടിയുലഞ്ഞതോടെ യാത്രക്കാർക്ക് ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടിയില്ല. തങ്ങളുടെ ജീവൻ തിരിച്ചുകിട്ടില്ലെന്ന് പലരും കരുതിയ നിമിഷം. ഒടുവിൽ ദില്ലി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ യാത്രക്കാരൊന്നടങ്കം നെടുവീർപ്പിട്ടു.

തായ്‍ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ AI379 വിമാനമാണ് ആകാശച്ചുഴിയിൽപെട്ട് ആടിയുലഞ്ഞത്. രാവിലെ 8:25നാണ് വിമാനം ഫുക്കറ്റിൽനിന്ന് പുറപ്പെട്ടത്. സംഭവത്തിൽ 17 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂവിനും പരിക്കേറ്റു. യാത്രക്കാർ പരിഭ്രാന്തരായ മണിക്കൂറുകൾക്ക് ഒടുവിൽ രാവിലെ 11 മണിയോടെ വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരിയായ ഇറ്റലിയിൽ നിന്നുള്ള വിവിയാന മരണം മുന്നിൽകണ്ട നിമിഷത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ; 'വിമാനം സാധാരണ രീതിയിലാണ് നീങ്ങുന്നതെന്ന് തോന്നിയത്, എന്നാൽ പെട്ടെന്നാണ് ആകാശച്ചുഴി ഉണ്ടായത്. എന്റെ സഹോദരി സീറ്റിൽ നിന്ന് മുകളിലേക്ക് തെറിച്ചുപോകുന്നത് ഞാൻ കണ്ടു. എന്റെ അമ്മയുടെ തല ഇടിച്ചു. എന്റെ ഫോൺ താഴെപ്പോയി. എനിക്ക് പുറകിലിരുന്ന ആളുകൾക്ക് പരിക്കേറ്റു. ഒരു പുരുഷ യാത്രക്കാരന്റെ മുഖത്ത് ചോരയുണ്ടായിരുന്നു. ഞങ്ങൾ മരിച്ചുപോകുമെന്നാണ് കരുതിയത്. അത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ഞാൻ വിറയ്ക്കുകയും കരയുകയുമായിരുന്നു. അത് വളരെ ഭയാനകമായിരുന്നു. എനിക്ക് ഇപ്പോൾ ശരിയായി കേൾക്കാൻ കഴിയുന്നില്ല"

Scroll to load tweet…

വിമാനം പുറപ്പെട്ടിട്ട് ഒന്നര മണിക്കൂറായിരുന്നുവെന്നും രാവിലെയായിരുന്നു സംഭവമെന്നും മറ്റൊരു യാത്രക്കാരൻ പറഞ്ഞു. "ഞങ്ങൾ വിമാനത്തിനുള്ളിൽ ഉറങ്ങുകയായിരുന്നു. വിമാനം പെട്ടെന്ന് നീങ്ങുന്നത് നിൽക്കുകയും തിരിയുകയും ചെയ്തു. 2-3 മിനിറ്റോളം ഇത് ഇങ്ങനെ തുടർന്നു. 15-20 യാത്രക്കാർക്ക് പരിക്കേറ്റു. വിമാനത്തിൽ നൂറിലധികം ആളുകൾ ഉണ്ടായിരുന്നു. 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് പരിക്കേറ്റു. എയർ ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ നൂറുശതമാനം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

സംഭവത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വൈകുന്നേരം ഏഴുമണിയോടെ ആശുപത്രിയിൽ ചികിത്സ തേടിയ നാല് യാത്രക്കാർ ആശുപത്രി വിട്ടതായും മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണെന്നും ആശുപത്രികളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.