മൈസൂരു: അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ 68 ശതമാനവും ദലിതരാണെന്ന് ബിജെപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്. ജനുവരി 25ന് മൈസൂരുവില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബി എല്‍ സന്തോഷിന്‍റെ വിവാദ പരാമര്‍ശം.  

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ 68 ശതമാനം ദലിതരാണ്. അവര്‍ക്ക് ഇന്ത്യയല്ലാതെ മറ്റാരാണ് പൗരത്വം നല്‍കുക. സിഎഎ ദലിത് വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്. ജോലിയില്ലാത്ത രാഷ്ട്രീയക്കാരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ഭരണഘടനാ അവകാശങ്ങള്‍ കവരില്ല. ബിജെപിക്കോ കോണ്‍ഗ്രസിനോ അതിന് കഴിയില്ല. ജനത്തിന്‍റെ പക്ഷത്ത് നിന്നാണ് അംബേദ്കര്‍ ഭരണഘടനക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ ജനിച്ച മുസ്ലീങ്ങളെ സിഎഎ ബാധിക്കില്ല. രേഖകള്‍ ഇല്ലെങ്കില്‍ പോലും അവര്‍ക്ക് പൗരത്വം ലഭിക്കും. രേഖകളില്ലാതെ അനധികൃതമായി കുടിയേറിവര്‍ക്കാണ് നിയമം പ്രശ്നമുണ്ടാക്കുകയെന്നും സന്തോഷ് പറഞ്ഞു. 
ബി എല്‍ സന്തോഷിന്‍റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷ് രംഗത്തെത്തി. ദലിതര്‍ കുടിയേറ്റക്കാരാണെന്നും തദ്ദേശീയരല്ലെന്നുമുള്ള പ്രസ്താവ പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി നേതാവിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഗണേഷ് മുന്നറിയിപ്പ് നല്‍കി. സമുദായങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഹോസ്പെട്ട് നഗരത്തില്‍ സന്തോഷിനെതിരെ സമരം നടന്നു.