Asianet News MalayalamAsianet News Malayalam

'69,000 ടീച്ചർ നിയമനത്തട്ടിപ്പ്';ഉത്തർപ്രദേശിൽ യോഗി സർക്കാരിന് തലവേദനയായിരിക്കുന്ന ഏറ്റവും പുതിയ അഴിമതി

ഒരേ കുടുംബത്തിലെ പലർക്കും നിയമനം കിട്ടുക, പത്താംക്‌ളാസും പ്ലസ്‌ടുവും ഒക്കെ നാലഞ്ചുവട്ടം എഴുതി മാത്രം പാസായവർക്ക് കിട്ടുക, ഡിഗ്രി പൂർത്തിയാക്കാൻ ഏഴുവർഷമെടുത്തയാൾക്ക് നൂറിനുള്ളിൽ റാങ്ക് കിട്ടുക തുടങ്ങിയ പലതും ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നത്

69000 teacher recruitment scam, latest head ache to yogi adityanath government
Author
Uttar Pradesh, First Published Jun 9, 2020, 5:10 PM IST

ലഖ്‌നൗ : ഉത്തർപ്രദേശിൽ  69,000  സ്‌കൂൾ അധ്യാപകരെ നിയമിച്ചതിൽ നടന്ന വ്യാപകമായ അഴിമതി ആരോപണത്തെത്തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിൽ  ഉത്തർപ്രദേശ് പോലീസ് പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തസ്തികകളിൽ നിയമനം നൽകുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിച്ചവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്‌. ഉത്തർപ്രദേശ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയാണ് ഇതോടെ സംശയത്തിന്റെ നിഴലിൽ ആയിട്ടുള്ളത്. 

കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം കഴിഞ്ഞപ്പോൾ തന്നെ പത്തുപേർ അറസ്റ്റിൽ ആയിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ഈ തട്ടിപ്പ് ആസൂത്രണം ചെയ്തവരെ പിടികൂടും എന്നും പ്രയാഗ് രാജ് എസ്പി സത്യാർത്ഥ അനിരുദ്ധ് പങ്കജ് പറഞ്ഞു. 22 ലക്ഷം രൂപയും, രണ്ടു ലക്ഷ്വറി കാറുകളും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യ ആരോപിതൻ കെ എൽ പട്ടേൽ ഒരു മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ആണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. 

ഇപ്പോൾ അറസ്റ്റിലായവരിൽ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്നു പേരും വരും. ഇവരിൽ പലർക്കും വളരെ പ്രാഥമികമായ പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് പോലും ഉത്തരം അറിയില്ലെങ്കിലും പരീക്ഷയിൽ 150 -ൽ 140 -നുമേൽ മാർക്ക് വാങ്ങിയിരുന്നു അവർ. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന പരീക്ഷയുടെ റിസൾട്ട് ഈ വർഷം മെയ് 12 നാണ് വന്നത്. ഒരേ കുടുംബത്തിലെ പലർക്കും നിയമനം കിട്ടുക, പത്താംക്‌ളാസും പ്ലസ്‌ടുവും ഒക്കെ നാലഞ്ചുവട്ടം എഴുതി മാത്രം പാസായവർക്ക് കിട്ടുക, ഡിഗ്രി പൂർത്തിയാക്കാൻ ഏഴുവർഷമെടുത്തയാൾക്ക് നൂറിനുള്ളിൽ റാങ്ക് കിട്ടുക തുടങ്ങിയ പലതും ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നതും അന്വേഷണത്തിന് നിർദേശം വരുന്നതും. 

നേരത്തെ പ്രസ്തുത നിയമങ്ങളെ അപലപിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. ഈ നിയമനത്തട്ടിപ്പ് ഉത്തർപ്രദേശിന്റെ 'വ്യാപം' അഴിമതിയാണ് എന്ന് പ്രിയങ്ക ട്വീറ്റിൽ ആക്ഷേപിച്ചു. പരാതി അറിയിച്ച ഉദ്യോഗാർത്ഥികളുമായി പ്രിയങ്കാ ഗാന്ധി വീഡിയോ കോൺഫറൻസിങ്ങും നടത്തി.

 

 

അതിനിടെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മായാവതിയും രംഗത്തുവന്നിരുന്നു. ഈ കേസ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് അന്വേഷിക്കും എന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി ഈ നിയമനങ്ങൾ സ്റ്റേ ചെയ്‌തുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു. അതിനു ശേഷമാണ് പോലീസ് അന്വേഷണം ശക്തമാക്കുന്നതും, പരീക്ഷാർത്ഥികൾ അടക്കം പലരെയും അറസ്റ്റ് ചെയ്യുന്നതും. എന്നാൽ, അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിലെത്തിയ സംസ്ഥാന സർക്കാരിന് അവിടെയും വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 69,000 -ൽ 37339 നിയമനങ്ങളും സംശയാസ്പദം എന്ന് കണ്ടെത്തി തടഞ്ഞുകൊണ്ട് ഇന്ന് സുപ്രീം കോടതി ഉത്തരവായി. പരീക്ഷയിൽ വിജയിച്ച പല ഉദ്യോഗാർത്ഥികളിൽ പലർക്കും അപ്പോയ്ന്റ്മെന്റ് ലെറ്റർ വരെ അയച്ചു കിട്ടിയ ശേഷമാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഈ സ്റ്റേ വന്നിരിക്കുന്നത്. ഈ കേസിൽ തുടർവാദം ജൂലൈ 14 -ന് നടക്കും. 
 

Follow Us:
Download App:
  • android
  • ios