ചെന്നൈ/ബെംഗളൂരു: ആൾദൈവം കൽക്കി ബാവയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി ആദായ വകുപ്പ് നടത്തിയ റെയ്ഡിൽ പിടികൂടിയത് 700  കോടിയുടെ അനധികൃത സ്വത്ത്. ആത്മീയതയുടെ മറവില്‍ രാജ്യാന്തര ശൃംഖലയുള്ള വന്‍ തട്ടിപ്പാണ് കല്‍ക്കി ബാബ ട്രസ്റ്റ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കി ബാബയുടെ വിശ്വസ്തന്‍ ലോകേഷ് ദാസാജിയെ വീണ്ടും കസ്റ്റഡിയിലെടുത്തു.

വിജയകുമാർ കൽക്കി ബാബ ആയതിങ്ങനെ...

1990കളുടെ തുടക്കത്തിലാണ് എല്‍ഐസിയിലെ താത്കാലിക ജീവനക്കാരനായിരുന്ന വിജയകുമാര്‍ ജീവാശ്രമം എന്ന പേരില്‍ ആത്മീയാശ്രമം തുടങ്ങുന്നത്. വിഷ്ണുവിന്‍റെ അവതാരങ്ങളില്‍ ഒന്നായ കല്‍ക്കിയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. ആത്മീയ ഗുരുവെന്ന് വിശേഷിപ്പിച്ച് ക്ലാസുകളും പൂജയും തുടങ്ങി. 

ആന്ധ്രാപ്രദേശിലെ വരദയ്യപാലത്ത് ആരംഭിച്ച ആശ്രമം, ഹൈദരാബാദ്, കര്‍ണാടക തമിഴ്നാട് എന്നിവിടങ്ങളിലായി വളര്‍ന്നു. ഇന്ത്യയിലും വിദേശത്തുമായി അനുയായികള്‍ ഇരട്ടിച്ചു. രാഷ്ട്രീയ നേതാക്കളടക്കം സ്ഥിരം സന്ദര്‍ശകരായതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ആള്‍ദൈവമായി കല്‍ക്കി ബാബ മാറി. ഒരു നേരത്തെ ദര്‍ശനത്തിന് അയ്യായിരവും പ്രത്യേക ദര്‍ശനത്തിന് ഇരുപത്തി അയ്യായിരവുമായിരുന്നു ഫീസ്.

അനുയായികള്‍ക്കൊപ്പം ആശ്രമത്തിന്‍റെ ആസ്തിയും വളര്‍ന്നതോടെ റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം , വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലേക്ക് കല്‍ക്കി ട്രസ്റ്റ് ബിസിനസ് വ്യാപിപ്പിച്ചു. കല്‍ക്കി ബാബയുടെ ഭാര്യ പത്മാവതിയും മകന്‍ കൃഷ്ണയുമാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. തമിഴ്നാട്, ആന്ധ്ര, ബെംഗളൂരു , ഹൈദരാബാദ് എന്നിവിടങ്ങളിലെ ആശ്രമങ്ങളുടെ പേരിലാണ് വിദേശ ഫണ്ടുകള്‍ കൂടുതലും സ്വീകരിച്ചിട്ടുള്ളത്.

വെല്‍നസ് കോഴ്സ് എന്ന പേരില്‍ ആത്മീയതാ ക്ലാസുകള്‍ നടത്തിയിരുന്ന ഓഫീസുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. യുഎസ്, സിങ്കപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് വിദേശ സംഭാവനകള്‍ കൂടുതലും എത്തിയത്. ഗള്‍ഫിലും യൂറോപ്പിലുമായി കല്‍ക്കി ബാബയുടെ മകന്‍ കൃഷ്ണ നടത്തിയിരുന്ന കെട്ടിടനിര്‍മ്മാണ കമ്പനിയുടെ വിശദാശംങ്ങളും ആദായ വകുപ്പ് പരിശോധിക്കുകയാണ്. 

വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഈ കമ്പനിയുടെ പേരിലേക്കാണ് സംഭാവനകള്‍ കൂടുതലും വകമാറ്റിയത്. നാല് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ ഇതുവരെ 56 കോടി രൂപ, 97 കിലോ സ്വര്‍ണം,എട്ട് കോടിയുടെ വജ്രം,22 കോടി യുഎസ് ഡോളര്‍, 409 കോടിയുടെ രസീതുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.