ഈ മാസം 9ന് സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ളവരെ കെജ്രിവാൾ കാണുമെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്.
ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഈ മാസം 9ന് സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ളവരെ കെജ്രിവാൾ കാണുമെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുമോ എന്നതിൽ ഈ ചർച്ചയിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളിൽ പാർട്ടി മത്സരിക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. ഈക്കാര്യമാകും പ്രധാനമായി ചർച്ച ചെയ്യുക.ഈക്കുറിന തദ്ദേശതെരഞ്ഞടുപ്പിൽ എഎപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. മൂന്ന് വാർഡുകളിൽ എഎപി സ്ഥാനാർത്ഥികൾ വിജയിക്കുകയും അഞ്ച് ഇടങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ വിജയിച്ച എഎപി പ്രതിനിധികളുമായി കെജരിവാൾ കൂടിക്കാഴ്ച്ച നടത്തും.

