Asianet News MalayalamAsianet News Malayalam

മുപ്പതുമല്ല, പിന്നേം പിന്നേം നടപടി! ഇന്ന് 78 എംപിമാർക്ക് സസ്പെൻഷൻ; കെസി, ജയറാം രമേശ്, ബിനോയ് വിശ്വവും പുറത്ത്

കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരാണ് ഇന്ന് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ

78 Opposition MPs Suspended today 18 December From parliament Amid Protests Over Parliament attack 2023 Latest news asd
Author
First Published Dec 18, 2023, 5:15 PM IST

ദില്ലി: പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ ഇന്ന് കൂട്ട നടപടി. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേ താക്കളടക്കമുള്ളവർക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയില്‍  33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45  എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. 

കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും. 

കനത്തമഴയിൽ ജലനിരപ്പ് കുതിച്ചുയർന്നു, മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനം; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നിരവധി എം പിമാർക്കും ഇന്ന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരാണ് ഇന്ന് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.

സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക് സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് ഇന്ന് പിരിയേണ്ടി വന്നത്. സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എം പിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ്.

എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ രംഗത്തെത്തി. കോൺഗ്രസ്, സി പി എം, തൃണമൂൽ കോൺഗ്രസ് പാർട്ടികളെല്ലാം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്‍റെ ഏകാധിപത്യ നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാർക്കെതിരായ കൂട്ട സസ്പെൻഷൻ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്പെന്‍ഷൻ ഉടൻ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios