അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. 40ഓളം രോഗികളെ അപകടത്തെ തുടര്‍ന്ന് സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ആശുപത്രിയിലെ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി ആശുപത്രി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.
 

സെപ്തംബർ മധ്യത്തോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറയും; പ്രതീക്ഷ പങ്കുവെച്ച് വിദഗ്ധസമിതി അധ്യക്ഷൻ