ജമ്മുകശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകങ്ങളിൽ തീവ്രവാദികളെ മഹത്വവൽക്കരിച്ചെന്ന വിവാദത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും വിവാദ പുസ്തകങ്ങൾ പിൻവലിക്കുകയും ചെയ്തു 

ദില്ലി : ജമ്മുകശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകങ്ങളിൽ തീവ്രവാദികളെയും വിഘടനവാദികളെയും മഹത്വവൽക്കരിച്ചെന്ന വിവാദത്തിൽ കടുത്ത നടപടിയുമായി സർക്കാർ. 'പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ' ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സർക്കാർ വിവാദത്തെ തുടർന്ന് അടിയന്തരമായി പിൻവലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സസ്‌പെൻഡ് ചെയ്തു. ഒപ്പം പുസ്തകത്തിന്റെ രചയിതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തി. രാജ്യവിരുദ്ധമായ ഉള്ളടക്കമുള്ള പുസ്തകം വിതരണം ചെയ്തതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ' (Personalities and Legends of J&K) എന്ന പുസ്തകമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തിൽ ജെകെഎൽഎഫ് ഭീകരനായ മഖ്ബൂൽ ഭട്ടിനെ "ശഹീദ്" (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. കൂടാതെ, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരെ അനുകൂലിക്കുന്ന രീതിയിലാണ് പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തിൽ ജമ്മു കശ്മീരിനെ "ഇന്ത്യൻ അധീന കശ്മീർ" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.