ദില്ലി: ഹിമാചൽപ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളു ജില്ലയിലെ മണാലി കാണാനെത്തിയ സഞ്ചാരി മരിച്ചു. ജപ്പാനിൽ നിന്നെത്തിയ 80 കാരിയായ മിസോബോ സകുറസവയാണ് മരിച്ചത്.  

മണാലിക്കടുത്ത് വസിഷ്ഠ് എന്ന സ്ഥലത്തെ ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു ഇവർ. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സെന്നോസുകെ സകുറസവയാണ് വ്യാഴാഴ്ച രാത്രി ഭാര്യയെ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെയെത്തും മുൻപ് സ്ത്രീ മരിച്ചിരുന്നതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തെങ്കിലും അസ്വാഭാവികതയൊന്നും കണ്ടില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ട്. മൃതദേഹം സെന്നോസുകെയ്ക്ക് പൊലീസ് കൈമാറി.