മുംബൈ: മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് വിവാദത്തിലായ ആരെ വനഭൂമി റിസര്‍വ് വനമേഖലയായി പ്രഖ്യാപിച്ചു. 800ഏക്കറോളം വരുന്ന ഭൂമിയാണ് റിസര്‍വ് വനമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. മെട്രോറെയില്‍ കാര്‍ഷെഡ് പദ്ധതി കഞ്ചുമാര്‍ഗിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ അവസാന സമയത്താണ് ആരെ വനമേഖലയില്‍ കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് സഖ്യകക്ഷിയായ ശിവസേനയടക്കം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് രാത്രിയില്‍ മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു. പദ്ധതിക്കായി 2700 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടിയിരുന്നത്. 

കാര്‍ഷെഡ് പദ്ധതിയെ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയെന്നും ആരെ വനമേഖല സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വനമേഖലയില്‍ നേരത്തെ സര്‍ക്കാര്‍ ആവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരെ വനമേഖല സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.