ഇത്തവണ ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ ധരിച്ചത് ബീഹാറിലെ മധുബനി ചിത്രകല ചെയ്ത സാരിയാണ്. ഈ സാരി മന്ത്രിക്കായി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ്. 

ദില്ലി: ബജറ്റ് അവതരണവേളയിൽ ധനമന്ത്രിമാരുടെ വേഷ വിധാനങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യത്തിൽ നിർമ്മല സീതാരാമന്‍റെ 'സാരി'യാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ബജറ്റ് അവതരണത്തിൽ ധനമന്ത്രി ധരിക്കുന്ന വസ്ത്രം അതത് നാടുകളുടെ പൈതൃകവും സംസ്കാരവും കൂടി വിളിച്ചോതുന്നതായിരിക്കും. ഇത്തവണ ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ ധരിച്ചത് ബീഹാറിലെ മധുബനി ചിത്രകല ചെയ്ത സാരിയാണ്. ഈ സാരി മന്ത്രിക്കായി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ്. 

ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയിൽ മത്സ്യത്തിൻ്റെ മാതൃകയിൽ എംപ്രോയിഡറി വ‍ർക്കും ​ഗോൾഡൻ ബോഡറുമാണ് ഉള്ളത്. സാരിക്കൊപ്പം റെഡ് നിറത്തിലുള്ള ബ്ലൗസുമാണ് ധനമന്ത്രി ധരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ബജറ്റ് അവതരണവേളയിൽ മന്ത്രി ധരിച്ച സാരി ചർച്ചയായിരുന്നു. 2024-25 ലെ ബജറ്റ് അവതരിപ്പിക്കാനായി ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്.

2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു ഓഫ്-വൈറ്റ് പോച്ചമ്പള്ളി സാരിയുമാണ് അവർ ധരിച്ചിരുന്നത്. 2020-ൽ മഞ്ഞ സിൽക്ക് സാരിയും 2019-ൽ ഗോൾഡൻ ബോർഡറുകളുള്ള പിങ്ക് മംഗൾഗിരി സാരിയുമാണ് ധരിച്ചിരുന്നത്. അതേസമയം, ബീഹാറിൽ നിന്നുള്ള സാരി ധരിച്ചതിന് പിന്നിൽ ബീഹാറിനോടുും നിതീഷ് കുമാറിനോടുള്ള അമിത വിധേയത്തവുമാണെന്നുള്ള ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. 

ഇവരാണ് നെടുംതൂണുകൾ! ധനമന്ത്രിയ്ക്കൊപ്പം ബജറ്റിനു പിന്നിൽ പ്രവർത്തിച്ച 6 പ്രമുഖർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം