Asianet News MalayalamAsianet News Malayalam

Tamilnadu rain live updates| തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് 9 മരണം

മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അ‌‌‌ഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

9 people killed as house collapses in Vellore Tamil Nadu heavy rains continue in state
Author
Chennai, First Published Nov 19, 2021, 1:31 PM IST

ചെന്നൈ: തമിഴ്നാട് ( Tamil Nadu) വെല്ലൂരിൽ വീടിനുമേൽ മതിൽ ഇടിഞ്ഞുവീണ് ( Wall Collapse) 9 പേർ മരിച്ചു (9 Dead). വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്. 5 സ്ത്രീകളും നാല് കുട്ടികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവർ ഇവിടെ തുടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒമ്പത് പേരെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസർ, തൻസീല, അഫിറ, മന്നുല, തമീദ്, അഫ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അ‌‌‌ഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. 

തമിഴ്നാട്ടിൽ വിവിധ മേഖലകളിൽ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് പുലർച്ചെയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരം തൊട്ടു. ആന്ധ്രയിലും കനത്ത  മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താൽക്കാലികമായി അടച്ചു. 

തമിഴ്നാട്ടിൽ ആന്ധ്ര തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവാൻമലയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയ  പതിനൊന്ന് പേരെയും 36 കന്നുകാലികളേയും രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. 4 പശുക്കളെ രക്ഷിക്കാനായില്ല. അതേസമയം ഈ ന്യൂനമർദ്ദം ചെന്നൈയിൽ കാര്യമായ പ്രഭാവം ഉണ്ടാക്കിയില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധർമപുരി, വെല്ലൂർ, തിരുപ്പട്ടൂർ, ഈറോട്, സേലം ജില്ലകളിൽ അടുത്ത 12 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Follow Us:
Download App:
  • android
  • ios