മുംബൈ: വായും കാലുകളും കൂട്ടിക്കെട്ടിയ നിലയില്‍ 90 തെരുവ് നായ്‍ക്കളെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ഞായറാഴ്ചയാണ് വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ നായ്ക്കളെ കണ്ടെത്തിയത്. 

കിഴക്കന്‍ മഹാരാഷ്ട്രയിലെ വനമേഖലയിലെ ഗിര്‍ദ സവാല്‍ദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. നൂറിലധികം നായ്ക്കളെയാണ് വായും കാലുകളും കൂട്ടിക്കെട്ടി റോഡില്‍ തള്ളിയത്. ഇതില്‍ 90 നായ്ക്കള്‍ ചത്തു. റോഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

അഞ്ച് സ്ഥലങ്ങളിലായാണ് നായ്ക്കളെ കണ്ടെത്തിയത്. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം അറിയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയുന്ന  1960- ലെ ആക്ട് അനുസരിച്ച് അജ്ഞാത കൊലയാളിക്കെതിരെ പൊലീസ് കേസെടുത്തു.