കോട്ട: ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ രാജസ്ഥാനിലും ശിശുമരണങ്ങള്‍. ഡിസംബറില്‍ മാത്രം കോട്ടയിലെ ജെ കെ ലോണ്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ 91 കുട്ടികള്‍ മരിച്ചു. അവസാന അഞ്ച് ദിവസം മാത്രം 12 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ 77 കുട്ടികളാണ് മരിച്ചത്. ഈ ആഴ്ച 12 കുട്ടികളും മരിച്ചു. ഈ വര്‍ഷം ഈ ആശുപത്രിയില്‍ 940 കുട്ടികള്‍ മരിച്ചു.

ജെ കെ ആശുപത്രിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഉന്നത തല സംഘത്തെ നിയോഗിച്ചു. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനും ശിശുമരണങ്ങള്‍ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രാജസ്ഥാന്‍ മെഡിക്കല്‍ എജുക്കേഷന്‍ സെക്രട്ടറി വൈഭവ് ഗലേറിയ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ ഐസിയുവില്‍ ആവശ്യത്തിന് ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ലാത്തതും അണുബാധ സാധ്യതയുള്ള വാര്‍ഡില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതും മതിയായ സംവിധാനമില്ലാത്തുമാണ് ശിശുക്കളുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അത്യാവശ്യ ചികിത്സ സംവിധാനം ലഭ്യമാക്കാനും ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കി. ലോക്സഭ സ്പീക്കര്‍ ഓംബിര്‍ലയുടെ മണ്ഡലമായ കോട്ട-ബണ്ടി മണ്ഡലത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമല്ലാത്തതിനാല്‍ 63 കുട്ടികള്‍ മരിച്ച സംഭവത്തിന് തുല്യമാണ് കോട്ടയിലേതെന്ന് രാജസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ഗുരുതരമാകുമ്പോഴാണ് ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതെന്നായിരുന്നു ആശുപത്രി വാദം. ദിവസം ശരാശരി ഒന്നുമുതല്‍ മൂന്ന് കുട്ടികള്‍ വരെ ആശുപത്രിയില്‍ മരിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.