ഒരു സെന്‍ററില്‍ പരീക്ഷ എഴുതിയവരില്‍ 200 വിദ്യാര്‍ത്ഥികള്‍ 'മകള്‍ വീടിന്‍റെ വെളിച്ചം' എന്ന വിഷയത്തില്‍ ഉപന്യാസം തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപോലെയാണ് എഴുതിയതെന്ന് കണ്ടെത്തി.
അഹമ്മദാബാദ്: ഗുജറാത്തില്‍ പ്ലസ് ടു പരീക്ഷയ്ക്ക് 956 വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട കോപ്പിയടി കണ്ടെത്തിയത്. ഗുജറാത്തില്‍ ആദ്യമായാണ് ഇത്രയേറെ പേര്‍ കോപ്പിയടിച്ച് പിടിക്കപ്പെടുന്നതെന്നാണ് ഗുജറാത്ത് എജ്യുക്കേഷന്‍ ബോര്‍ഡ് പറയുന്നത്. കോപ്പിയടിച്ച എല്ലാവരെയും തോറ്റതായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്ലസ് ടു പരീക്ഷയില്‍ കോപ്പിയടി നടന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഉത്തരക്കടലാസുകള്‍ ഉദ്യോഗസ്ഥര്‍ പുനഃപരിശോധിച്ചത്. ജുനാഗഡ്, ഗിര്‍ സോമനാഥ് എന്നീ ജില്ലകളിലാണ് കോപ്പിയടി ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. 959 വിദ്യാര്‍ത്ഥികള്‍ ഒരേ ചോദ്യത്തിന് ഒരേ ഉത്തരം എഴുതിയതായും ഒരുപോലെ തെറ്റുകള്‍ വരുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. ഒരു സെന്‍ററില്‍ പരീക്ഷ എഴുതിയവരില്‍ 200 വിദ്യാര്‍ത്ഥികള്‍ 'മകള്‍ വീടിന്‍റെ വെളിച്ചം' എന്ന വിഷയത്തില്‍ ഉപന്യാസം ഒരുപോലെയാണ് എഴുതിയത്. അക്ഷരത്തെറ്റുകളടക്കം ഒരുപോലെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
അക്കൗണ്ടന്‍സി, എക്കണോമിക്സ്, സ്റ്റാറ്റിറ്റിക്സ്, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളിലാണ് കൂട്ട കോപ്പിയടി നടന്നത്. കോപ്പിയടി നടന്ന അമര്‍പൂരിലെയും വിസന്‍വേലിലെയും (ഗിര്‍ സോമനാഥ്, ജുനാഗഡ്) പരീക്ഷാ സെന്‍ററുകള്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഗുജറാത്ത് സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
