ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മരത്തിന്റെ പിടിയുള്ള ഡസ്റ്റർകൊണ്ട് എറിഞ്ഞ്  പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോറമംഗലയിലെ സ്വകാര്യ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനുൾപ്പെടെ രണ്ട് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെയുമാണ് കേസ്. സ്കൂൾ പ്രിൻസിപ്പൽ ഷാജി സെബാസ്റ്റ്യൻ, ഗണിതശാസ്ത്ര അധ്യാപിക രേഷ്മ, മറ്റൊരധ്യാപകനായ മാത്യു എന്നിവർക്കെതിരെ വിദ്യാർത്ഥിയുടെ അമ്മയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്.

സംഭവ ദിവസം രാവിലെ സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ പരിശീലകൻ ഫോണിൽ വിളിക്കുകയും കുട്ടി സ്കൂളിൽ വീണ് നെറ്റിയിൽ മുറിവ് പറ്റിയതായി അറിയിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥിയുടെ അമ്മ പോലീസിനോട് പറഞ്ഞു. സ്കൂളിലെത്തി മകനോട് കാര്യങ്ങൾ അന്വേഷിച്ച ശേഷമാണ് ഗണിതശാസ്ത്ര അധ്യാപിക രേഷ്മ ഡസ്റ്ററുകൊണ്ട് മൂന്നു തവണ എറിഞ്ഞ് പരിക്കേൽപ്പിച്ചതാണെന്നറിയുന്നത്. മുറിവു പറ്റിയ മകന് സ്കൂൾ അധികൃതർ പ്രാഥമിക ചികിത്സ പോലും നൽകിയില്ല. ഉടനെ ക്ലിനിക്കിലെത്തി ചികിത്സ നൽകിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് യുവതി പറയുന്നു.

പോലീസ് സ്കൂൾ അധികൃതരോട് വിശദീകരണം തേടിയപ്പോൾ ഇനി ആവർത്തിക്കില്ലെന്നും സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അറിയിച്ചത്. സംഭവത്തിൽ കേസെടുക്കരുതെന്ന് സ്കൂൾ അധികൃതർ യുവതിയോടും അഭ്യർത്ഥിച്ചിരുന്നു. വൈകിട്ട് സ്കൂൾ അധികൃതർ  യുവതിയുടെ വീട്ടിലെത്തുകയും കേസിൽ നിന്നും പിൻമാറണമെന്നും അതിനു പകരമായി കുട്ടിയുടെ ഈ വർഷത്തെ ബാക്കിയുള്ള ഫീസ് അടക്കേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നു. മകനു നീതി ലഭിക്കണമെന്ന കാരണത്താൽ പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. കുട്ടിയെ എറിഞ്ഞപ്പോൾ പൊട്ടിയ ഡസ്റ്റർ പോലീസ് സ്കൂളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

യുവതിയുടെ മകളും ഇതേ സ്കൂളിലാണ് പഠിക്കുന്നത്. സഹോദരനെ ഡസ്റ്ററുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ പരാതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സ്കൂളിലെ അധ്യാപകനായ മാത്യു മകളെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഇതേ അധ്യാപകൻ മോശമായ വാക്കുകൾ ഉപയോഗിച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായും യുവതി പറഞ്ഞു. അറസ്റ്റിലായ മൂന്നുപേരെയും മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ ശേഷം ഉപാധികളോടെ ജാമ്യം അനുവദിച്ചു.