ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഗ്യാസ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്

രാജ്യത്ത് പെട്രോളിയം കമ്പനികളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ നമ്മള്‍ കാണാറുണ്ട്. ചൂടുകാലത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ പാടില്ല എന്നതായിരുന്നു ഇതിലൊന്ന്. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഗ്യാസ് ഏജന്‍സി ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

എച്ച്‌പിയുടെ എല്‍പിജി ഗ്യാസ് ഏജന്‍സി ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റ‍ഡ് മെയ് 10-ാം തിയതി അയച്ച ലെറ്റര്‍ രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. 'നിങ്ങളുടെ അപേക്ഷ പരിഗണിച്ച് ഗ്യാസ് ഡീലര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നു. ഇതിന്‍റെ പ്രോസസ് പൂര്‍ത്തിയാക്കുന്നതിനായി ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന് 37580 രൂപ അടയ്ക്കുക' എന്നും പ്രചരിക്കുന്ന കത്തില്‍ കാണാം. പണം അടയ്ക്കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ കത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ഈ കത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പുറത്തിറക്കിയത് എന്ന് തോന്നിക്കും രീതിയില്‍ കമ്പനിയുടെ ലോഗോയും മറ്റ് വിവരങ്ങളും ഈ കത്തിലുണ്ട്. 

വസ്തുത

എന്നാല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പുറത്തിറക്കിയ കത്ത് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ലെറ്ററാണ് എന്നതാണ് വസ്തുത. എച്ച്‌പി ഇത്തരമൊരു കത്ത് ആര്‍ക്കും അയച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇത് വ്യാജ കത്താണ് എന്നതിനാല്‍ ആരും പണമടച്ച് വഞ്ചിതരാവരുത്. എല്‍പിജി ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ക്ക് www.lpgvitarakchayan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പിഐബി അഭ്യര്‍ഥിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ പേരില്‍ സമാനമായ കത്ത് മുമ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്ന് എച്ച്‌പി തന്നെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. 

Scroll to load tweet…

Read more: മുംബൈയില്‍ ബിജെപി വിതരണം ചെയ്ത തെരഞ്ഞെടുപ്പ് കിറ്റില്‍ സ്വര്‍ണ ബിസ്‌കറ്റോ? വസ്തുത വിശദമാക്കി ഫാക്ട് ചെക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം