''അവൾക്ക് ഉറപ്പായും നല്ല വേദന ഉണ്ടായിക്കാണും. എന്നാൽ‌ നമ്മളെ പോലെ പുറത്ത് പറയാനാകില്ലല്ലോ. ഈ വൈറസ് വലിയ അപകടകാരിയാണ്.  അത് അവളുടെ കുഞ്ഞ് ശ്വാസകോശത്തെ പൂർണ്ണമായി നശിപ്പിച്ചു...''

ദില്ലി: 'എന്റെ കുഞ്ഞ് ഓരുപാട് വേദന തിന്നുകാണും' - 150 ദിവസം മാത്രം പ്രായമുള്ള പാരി എന്ന തന്റെ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ചങ്കുപൊട്ടി പിതാവ് പറഞ്ഞ വാക്കുകളാണ്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു പ്രഹ്ലാദിന്റെ മകൾ. കൊവിഡ് കുഞ്ഞിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഒടുവിൽ കഴിഞ്ഞ ദിവസം കുഞ്ഞ് മരണത്തിന് കീഴടങ്ങി. 

തന്റെ കുഞ്ഞിന് അവസാനത്തെ യാത്രയയപ്പ് നൽകിയ ശേഷം എൻഡിടിവിയോട് സംസാരിക്കവെയാണ് പ്രഹ്ലാദ് വികാരാദീനനായത്. ജിടിബി ഹോസ്പിറ്ററിൽ ചികിത്സയിലായിരുന്നു എന്റെ മകൾ. അവൾക്ക് ഉറപ്പായും നല്ല വേദന ഉണ്ടായിക്കാണും. എന്നാൽ‌ നമ്മളെ പോലെ പുറത്ത് പറയാനാകില്ലല്ലോ. ഈ വൈറസ് വലിയ അപകടകാരിയാണ്. അത് അവളുടെ കുഞ്ഞ് ശ്വാസകോശത്തെ പൂർണ്ണമായി നശിപ്പിച്ചു. - പ്രഹ്ലാ​ദ് പറഞ്ഞു. 

കുഞ്ഞിനെ രക്ഷിക്കാൻ ചെയ്യാനാവുന്നതെല്ലാം ആ കുടുംബം ചെയ്തു. അവൾക്ക് രക്തക്കുറവുള്ളതിനാൽ എ പോസിറ്റീവ് രക്തം വേണമായിരുന്നു. അവളുടെ അമ്മാവൻ അത് നൽകി. സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായ ജിദേന്ദർ സിംഗ് ഷണ്ഡിയുടെ സഹായത്തോടെ ആ കുടുംബം കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തു. 

വളരെ ഹൃദയഭേദകമയിരുന്നു ആ നിമിഷമെന്ന് ജിദേന്ദർ പറഞ്ഞു. ഞങ്ങളെ എല്ലാവരെയും കരിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകൾ. വസ്തുത എന്തെന്നാൽ യുവാക്കളെ വളരെ അപകടകരമായ രീതിയിലാണ് വൈറസ് ബാധിക്കുന്നത്. എന്നാൽ മതിയായ ചികിത്സ ആർക്കും ലഭിക്കുന്നില്ല. പാരി ഒരു മാലഖയായിരുന്നു - ജിദേന്ദർ പറഞ്ഞു. 

പാരിയുടെ മൂന്ന് വയസ്സുള്ള കുട്ടി അച്ഛനോട് തന്റെ അനുജത്തിയെ കാണണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണിലുള്ള ചില ചിത്രങ്ങൾ മാത്രമാണ് ബാക്കിയായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona