പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരല്ല തന്‍റെ നിലപാടെന്നും അനിൽ ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദില്ലി: ബിബിസി ഡോക്യുമെന്‍ററിക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണ് ബിബിസിയുടേത് അനില്‍ ആന്‍റണി ആവര്‍ത്തിച്ചു.

ബിബിസി ഡോക്യുമെന്‍ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് പ്രദര്‍ശനത്തിന് കെപിസിസിയും മുന്‍കൈയെടുക്കുമ്പോഴാണ് നേതൃത്വത്തെ ഞെട്ടിച്ച് അനില്‍ ആന്‍റണി ബിബിസിയെ തള്ളി പറഞ്ഞത്. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമാണ് അനില്‍ ട്വീറ്റ് ചെയ്തത്. 

അനിൽ ആന്‍റണിയുടെ പരാമർശത്തിൽ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി‍ന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടിരുന്നു. കെപിസിസി സോഷ്യൽ മീഡിയ കോഡിനേറ്റർ സ്ഥാനത്ത് നിന്ന് അനിൽ ആന്‍റണിയെ നീക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലും ആവശ്യപ്പെട്ടിരുന്നു. അനിലിനെ മാറ്റാൻ ആദ്യം സമ്മതം നൽകുക എകെ ആന്റണി ആകുമെന്ന് പറഞ്ഞ ബിനു ചുള്ളിയിൽ, അനിൽ ട്വീറ്റ്‌ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അനില്‍ ആന്‍റണി നിലപാടിലുറച്ച് തന്നെ നില്‍ക്കുകയാണ്. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരല്ല തന്‍റെ നിലപാടെന്നും അനിൽ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ പാർട്ടികളും നിലനിൽക്കുന്നത് രാഷ്ട്ര താൽപര്യത്തിനായാണ്. അതിൽ കക്ഷി വ്യത്യാസമില്ല. ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം വിലക്കിയതിന് താൻ എതിരെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.

Also Read: ബിബിസി ഡോക്യുമെൻ്ററി: അനിൽ ആൻ്റണിയുടെ പ്രസ്താവന തള്ളി കെ.സുധാകരൻ

പിന്നാലെ, അനില്‍ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ ഇല്ലെന്ന് കെ സുധാകരന്‍ പ്രസ്താവനയിറക്കി. ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘന നടക്കാനിരിക്കേ ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.