2002 -ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി  ചിത്രമുണ്ട്, ഗുണാ എന്ന പേരിൽ. ദിനോ മോറിയയും ബിപാഷാ ബസുവും അഭിനയിച്ച ആ ക്രൈം ത്രില്ലറിൽ ദിനോ ഒരു കുറ്റവാളിയുടെ റോളിലാണ്. ബിപാഷാ ബസു ഒരു പോലീസുകാരിയാണ്. കൊടും ക്രിമിനലായ  ദിനോയെ നന്നാക്കാൻ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെടുന്ന പൊലീസുകാരി ഒടുവിൽ അയാളുമായി അടുപ്പത്തിലാകുന്നു, ബന്ധം സ്ഥാപിക്കുന്നു. ഒടുവിൽ  ബിപാഷയുടെ പൊലീസ് കഥാപാത്രം, തൊഴിലിനോടുള്ള ആത്മാർത്ഥത മൂത്ത്,  ക്രിമിനലായ തന്റെ കാമുകനെ വെടിവെച്ചുകൊല്ലുന്നിടത്താണ് സിനിമ തീരുന്നത്. 

ഈ സിനിമാക്കഥയെ വെല്ലുന്ന ഒരു യഥാർത്ഥ ജീവിതകഥ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ജീവിതയാഥാർത്ഥ്യത്തിൽ പക്ഷേ, കൊല്ലും കൊലയും ഒന്നും നടന്നിട്ടില്ല ഇതുവരെ എന്നുമാത്രം.  ദില്ലിയിലെ ഗ്രെയ്റ്റർ നോയിഡയിലെ ഒരു ലേഡി പൊലീസ് ഹെഡ് കോൺസ്റ്റബിൾ, പ്രദേശത്തെ ഒരു കൊടും ക്രിമിനലുമായി പ്രണയത്തിലായി. ദില്ലിയിലെ ഒരു  അധോലോക ഗാങ്ങിന്റെ  ഷാർപ്പ് ഷൂട്ടർ ആയിരുന്നു അയാൾ. ഇരുവരും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്, ഒരു കേസിൽ അറസ്റ്റിലായി ആ ക്രിമിനൽ വിചാരണയ്ക്കായി നിരന്തരം കോടതി കയറിയിറങ്ങുന്ന കാലത്താണ്.കോടതിയിൽ കൊണ്ടുവരുന്ന സമയത്ത് ഇയാളെ കോടതിയിലെ ലോക്കപ്പിൽ അടയ്ക്കുമായിരുന്നു പൊലീസ്. ആ ലോകകപ്പിന്റെ പാറാവുകാരിയായിരുന്നു ഈ കഥയിലെ നായികയായ വനിതാ ഹെഡ് കോൺസ്റ്റബിൾ. 

ഇടയ്ക്കിടെ ലോക്കപ്പിൽ അതിഥിയായി വന്നുപോയിരുന്ന ക്രിമിനൽ പുറത്ത് പാറാവുനിന്നിരുന്ന യുവതിയോട് പതുക്കെ അടുപ്പം സ്ഥാപിക്കുന്നു. ഒന്നും രണ്ടും പറഞ്ഞ് അവർ തമ്മിൽ കൂടുതൽ അടുക്കുന്നു. ക്രിമിനൽ ലോക്കപ്പിനകത്തും പൊലീസുകാരി പാറാവിന് പുറത്തുമായി മിണ്ടിയും പറഞ്ഞും ഇരുന്ന് ഒടുവിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. കാര്യങ്ങൾ പരസ്പരം തുറന്നുപറഞ്ഞു. ഇപ്പോൾ ഇരുവരും തമ്മിൽ വിവാഹിതരായി എന്നുള്ള തരത്തിലുള്ള  വാർത്തകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു വിവാഹ ഫോട്ടോയാണ് വാർത്തകൾക്ക് അടിസ്ഥാനം. 

ദില്ലി റൂറൽ എസ്പി രൺവിജയ്‌ സിങ്ങ് ഈ വാർത്തകളോട് പ്രതികരിച്ചത് ഇവ്വിധമായിരുന്നു, " ഈ പറയുന്ന വനിതാ കോൺസ്റ്റബിന് ഏത് സ്റ്റേഷനിലാണ് ഇപ്പോൾ പോസ്റ്റിങ്ങ്‌ എന്നന്വേഷിച്ചു വരുന്നു. ഈ വാർത്തയിൽ വാസ്തവമുണ്ടെങ്കിൽ, അന്വേഷണം തീരുന്ന മുറയ്ക്ക് അച്ചടക്ക നടപടികൾ സ്വീകരിക്കപ്പെടും. " 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വിവാഹചിത്രത്തിന് എത്രനാളത്തെ പഴക്കമുണ്ട് എന്ന കാര്യം വ്യക്തമല്ല. 

ആരാണ് ഈ ക്രിമിനൽ ..? 

പേര് രാഹുൽ ഠസരാണാ. 2014-ൽ നോയിഡയിലെ വ്യാപാരി മൻമോഹൻ ഗോയലിനെ വധിച്ച കേസിലെ മുഖ്യപ്രതി. അനിൽ ദുജാന ഗ്യാങിലെ ഷാർപ്പ് ഷൂട്ടർ .  ആ കേസിൽ അറസ്റ്റിലായ പ്രതിയ്ക്കുമേൽ കൊള്ള, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി വകുപ്പുകളിന്മേൽ ഒരുഡസനിലധികം  കേസുകൾ നിലവിലുണ്ട്. രാഹുൽ അധോലോകസംഘങ്ങളുടെ കണ്ണിൽപ്പെടുന്നത് 2008 -ലാണ്. 2016-ൽ ഗോയൽ വധക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം അമ്മ ശകുന്തളാ ദേവിക്കെതിരെ പഞ്ചായത്തുപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എതിർ സ്ഥാനാർത്ഥികൾക്കെതിരെ വധ ഭീഷണി മുഴക്കി എന്ന ഒരു പുതിയ കേസ് കൂടി ചാർത്തപ്പെട്ടിരുന്നു രാഹുലിന്റെ മേൽ.  2017-ൽ ഈ കേസിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വിചാരണയ്ക്കിടെ അടുപ്പം സ്ഥാപിച്ച വനിതാ പോലീസുകാരിയെ  രാഹുൽ വിവാഹം കഴിക്കുന്നത്.