തെലങ്കാന: കൃഷിയിടത്തിലേക്ക് വന്ന കുരങ്ങനെ കെട്ടിത്തൂക്കി മൂന്നു യുവാക്കൾ വനം വകുപ്പിന്റെ പിടിയിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെംസൂർ ബ്ലോക്കിന് കീഴിലുളള അമ്മാപേലം ​ഗ്രാമത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കെട്ടിത്തൂക്കിയതിന് ശേഷം പട്ടികളെ അഴിച്ചു വിടുകയും ചെയ്തിരുന്നു. കുരങ്ങിനെ കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് നടപടി എടുത്തത്. 

കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം കുരങ്ങൻമാർ‌ സ്ഥിരമായി കർഷകന്റെ വീടിന് ചുറ്റുമുള്ള കൃഷിയിടത്തിൽ എത്തിയിരുന്നു. ഇവയിലൊന്നിനെയാണ് കർഷകൻ പിടികൂടി വയലിൽ കൊണ്ടുപോയി ക്രൂരമായി കൊന്നത്. മറ്റ് രണ്ട് പേരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. കുരങ്ങനെ പിടിച്ചു കൊണ്ടുപോയപ്പോൾ മറ്റ് കുരങ്ങൻമാരും ഇവരെ പിന്തുടർന്നു. 

മറ്റു കുരങ്ങന്മാർ നോക്കി നിൽക്കെ ഒന്നിനെ കൊന്നാൽ പിന്നെ ശല്യമുണ്ടാകില്ലെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി. രക്ഷപ്പെടാനുള്ള കുരങ്ങന്റെ ശ്രമം ആരെയും വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. തൊട്ടടുത്ത് കുരങ്ങിനെ അടിക്കാൻ വടിയുമായിട്ടാണ് കർഷകനും മറ്റുള്ളവരും നിന്നിരുന്നത്.