തീഹാര്‍ ജയിലില്‍ മുസ്ലീം തടവുകാരന്‍റെ ദേഹത്ത് ഓം എന്ന് ചാപ്പ കുത്തി; അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
ജയിലില്‍ വെച്ചാണ് തടവുകാരന്‍റെ ദേഹത്ത് ചാപ്പ കുത്തിയത്
ദില്ലി: തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരന്‍റെ ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പ കുത്തി ജയില്‍ അധികൃതര്‍. ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് ചാപ്പ കുത്തിയത്. ജയിലില്‍ വെച്ച് ജയില്‍ അധികൃതരുടെ കൂടി അറിവോടെയാണ് തടവുകാരന്‍റെ ദേഹത്ത് ചാപ്പ കുത്തിയത്.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇയാളുടെ കുടുംബം കാര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. രണ്ടു ദിവസമായി നാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്ലീമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാബിറിന്‍റെ ദേഹ പരിശോധന നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.