കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ചിത്രം എടുക്കും. അഞ്ച് വയസ്സിന് താഴെയുള്ളര്‍ ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു. 

ദില്ലി: നവജാത ശിശുക്കള്‍ക്ക് (New Borns) ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് (Aadhar card) നല്‍കാന്‍ പദ്ധതി ഉടനെന്ന് യുഐഡിഎഐ(UIDAI). ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് (Sourabh garg) വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടെ പറഞ്ഞു. പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും രണ്ടുമുതല്‍ രണ്ടരക്കോട് നവജാത ശിശുക്കള്‍ ജനിക്കുന്നുണ്ട്. അവരെയും ഉടന്‍ ആധാറിലുള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ചിത്രം എടുക്കും. അഞ്ച് വയസ്സിന് താഴെയുള്ളര്‍ ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു. 


കഴിഞ്ഞ വര്‍ഷം റിമോര്‍ട്ട് പ്രദേശങ്ങളില്‍ 10,000 ക്യാമ്പുകള്‍ സംഘടിപ്പിച്ചതിലൂടെ ആധാറില്ലാത്ത 30 ലക്ഷം ആളുകള്‍ എന്റോള്‍ ചെയ്തു. 2010ലാണ് ആദ്യത്തെ ആധാര്‍ നമ്പര്‍ അനുവദിച്ചത്. തുടക്കത്തില്‍, കഴിയുന്നത്ര ആളുകളെ എന്റോള്‍ ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലാണ് ശ്രദ്ധ. ഏകദേശം 10 കോടി ആളുകള്‍ ഓരോ വര്‍ഷവും അവരുടെ പേരുകളും വിലാസങ്ങളും മൊബൈല്‍ നമ്പറുകളും അപ്ഡേറ്റ് ചെയ്യുന്നുവെന്നും 140 കോടി ബാങ്ക് അക്കൗണ്ടുകളില്‍ 120 കോടി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.