ഹൗറ: ആധാർ കാർഡും പാൻകാർഡും ഉപയോ​ഗിച്ച് പൗരത്വം തെളിയിക്കാൻ സാധിക്കുകയില്ലെന്ന് പശ്ചിമ ബം​ഗാൾ ബിജെപി പ്രസിഡന്റ് ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേ​ദ​ഗതിയിലൂടെപൗരത്വം നേടാൻ അദ്ദേഹം അഭയാർത്ഥികളോട് പറഞ്ഞു. പൗരത്വ നിയമ ഭേദ​ഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മറ്റ് ത‍‍ൃണമൂൽ കോൺ​ഗ്രസ് അം​ഗങ്ങളും പ്രചരിപ്പിക്കുന്ന 'കെണി'കളിൽ വീഴരുതെന്നും അദ്ദേഹം അനുയായികളോട് അഭ്യർത്ഥിച്ചു. 

''പശ്ചിമ ബം​ഗാളിൽ ദശാബ്ദങ്ങളായി അഭയാർത്ഥികളായി ജീവിക്കുന്നവരുടെ കൈവശം ആധാർ കാർഡും പാൻ കാർഡും മാത്രമാണുള്ളത്. പൗരത്വം ഉറപ്പിക്കാൻ ഇത് മതിയാകും എന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഇത് തെറ്റിദ്ധാരണയാണ്. പുതിയ പൗരത്വ നിയമ ഭേദ​ഗതി ഉപയോ​​ഗിച്ച് മാത്രമേ അഭയാർത്ഥികൾക്ക് പൗരത്വം നേടാൻ സാധിക്കൂ. പൗരത്വത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ അവർ  കുഴപ്പത്തിലാകാൻ ഇടയുണ്ട്.'' ദിലിപ് ഘോഷ് മുന്നറിയിപ്പ് നൽകി. 

മറ്റ് രാജ്യങ്ങളിൽ നിന്ന് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ബുദ്ധിജീവികളാരും തെരുവിലിറങ്ങാൻ സന്നദ്ധരായിട്ടില്ലെന്നും ദിലിപ് ഘോഷ് വിമർശിച്ചു. അഭയാർത്ഥികൾക്ക് വേണ്ടിയാണ് പൗരത്വ നിയമ ഭേദ​ഗതി കൊണ്ടുവന്നിട്ടുള്ളതെന്നും പൗരത്വം ഇല്ലാതാക്കാൻ വേണ്ടിയല്ലെന്നും ബിജെപി പ്രസിഡന്റ് ആവർത്തിച്ചു. ''പ്രതിപക്ഷം ബഹുഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. പൗരത്വത്തിനായി അപേക്ഷിക്കാൻ മോദി മൂന്ന്-നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.  എല്ലാവരും പൗരത്വം നേടുന്നതിനായി അപേക്ഷ സമർപ്പിക്കണം. തെളിവുകളായി രേഖകളൊന്നും സമർപ്പിക്കേണ്ട ആവശ്യം വരുന്നില്ല. നിങ്ങൾക്ക് ലഭിക്കുന്ന അപേക്ഷ ഫോമിൽ നിങ്ങളുടെ മാതാപിതാക്കളുടെ പേര് പൂരിപ്പിച്ചു നൽകിയാൽ മതി. നിങ്ങൾക്ക് പൗരത്വം ലഭിക്കും.'' ദിലിപ് ഘോഷ് പറഞ്ഞു.

എന്നാൽ ബിജെപി പ്രസിഡന്റെ ദിലിപ് ഘോഷിന്റെ പ്രസ്താവന പശ്ചിമ ബം​ഗാളിൽ വൻവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മമത സർക്കാർ പല്ലും നഖവും ഉപയോ​ഗിച്ച് പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ, ഏത് വിധേനയും സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമത്തിലാണ് ബിജെപി. ''ഒരാൾ പൗരനല്ലെന്നും ആണെന്നും തീരുമാനിക്കാൻ ദിലിപ് ഘോഷ് ആരാണ്? ഈ അഹങ്കാരത്തിനുള്ള ഉചിതമായ മറുപടി ദിലിപ് ഘോഷിനും അദ്ദേഹത്തിന്റെ പാർട്ടിക്കും സംസ്ഥാനത്തെ ജനങ്ങൾ തന്നെ നൽകും.'' മന്ത്രി തപസ് റോയ് പറഞ്ഞു.