നാഷിക്: കാലം തെറ്റി പെയ്യുന്ന മഴയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനാണ്  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. സര്‍ക്കാര്‍ രൂപീകരണത്തെക്കാള്‍ കൂടുതല്‍ പ്രധാനം ഇതാണെന്നും ആദിത്യ താക്കറെ പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടി  സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് രാഷ്ട്രീയ കാര്യമാണ്'- ആദിത്യ താക്കറെ പറഞ്ഞു.

കൃഷി നശിച്ച കര്‍ഷകര്‍ക്ക് ആ വിവരം സര്‍ക്കാരിനെ അറിയിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഹെല്‍പ്പ്‍ലൈന്‍ നമ്പരുകള്‍ വേണം. കഴിഞ്ഞ വര്‍ഷം ശക്തമായ കാറ്റില്‍ വിളകള്‍ നശിച്ചവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യാമാക്കുന്നതിനുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ആദിത്യ താക്കറെ ആവശ്യപ്പെട്ടു.