ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മാനേജറായിരുന്ന ദിശ സാലിയന്‍റെ മരണത്തിൽ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആദിത്യ താക്കറെ, റിയ ചക്രബർത്തി എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ എഫ്ഐആറിലുണ്ട്. ദിശയുടേത് കൊലപാതകമാണെന്ന കുടുംബത്തിൻ്റെ ആരോപണത്തെ തുടർന്ന് ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‍പുതിന്‍റെ മാനേജറായിരുന്ന ദിശ സാലിയന്‍റെ മരണത്തിൽ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആദിത്യ താക്കറെ എംഎൽഎ, അഭിനേതാക്കളായ റിയാ ചക്രബർത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പേരുകൾ എഫ് ഐ ആറിലുണ്ട്. 2020 ജൂൺ എട്ടിനാണ് ദിശയെ മലാഡിലെ ഫ്ലാറ്റിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു ദിവസത്തിനു ശേഷം സുശാന്ത് സിങ് രാജ്പുതിനെയും മരിച്ച നിലയിൽ കണ്ടെത്തി. ദിശയുടേത് അപകട മരണമല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത് രണ്ടാഴ്ച മുൻപാണ്. കേസിൽ കൊലപാതകം, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ, അഭിനേതാക്കളായ ദിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രബർത്തി എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കേണ്ടവരുടെ പട്ടികയിലുണ്ടെന്ന് സിബിഐ എഫ്‌ഐആറിൽ പറയുന്നു. അതോടൊപ്പം കേസ് രേഖകൾ നശിപ്പിക്കുക, ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുക, കുറ്റവാളികളെ സംരക്ഷിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യുക എന്നിവയിൽ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടു വരുമെന്ന് സിബിഐ അറിയിച്ചു.

അന്വേഷണത്തിന് മുന്നോടിയായി കേസിന്റെ ഇതുവരെയുള്ള എല്ലാ രേഖകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈ പൊലീസിന് കത്തു നൽകിയിട്ടുണ്ട്. ദിശ സാലിയാൻ ജീവനൊടുക്കിയതാണെന്ന് പറഞ്ഞാണ് മുംബൈ പൊലീസ് കേസ് അവസാനിപ്പിച്ചത്. എന്നാൽ ദിശയുടെ പിതാവ് സതീഷ് സാലിയാൻ ആരോപിക്കുന്നത് മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നാണ്. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. അന്വേഷണത്തിൽ മുംബൈ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആറു വർഷമായിട്ടും എഫ്ഐആർ ഇടാത്തത് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതി ഇക്കഴിഞ്ഞ സെപ്റ്റംബർ 2-ന് അന്വേഷണം സിബിഐക്ക് വിട്ടത്.

YouTube video player