രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം ചരിത്ര വിജയം നേടി. ബീക്കാനറിലെ നോഖാ നഗരസഭ ഭരണം പിടിച്ചെടുത്തു. വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ജലാവറിൽ കോൺഗ്രസ് വിജയിച്ചു. സംസ്ഥാനത്തെ മറ്റ് നഗരസഭകളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ജയ്പൂർ: രാജസ്ഥാൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നിർണായക ജയവുമായി സി പി എം. ബീക്കാനറിലെ നോഖാ മുൻസിപ്പാലിറ്റിയിൽ ആകെയുള്ള 45 സീറ്റുകളിൽ 29 എണ്ണവും നേടി സി പി എം ചരിത്രത്തിലാദ്യമായി നഗരസഭ ഭരണം പിടിച്ചെടുത്തു. ബി ജെ പിക്ക് 13 സീറ്റും സ്വാതന്ത്ര സ്ഥാനാർത്ഥികൾക്ക് 3 സീറ്റും ലഭിച്ചു. നോഖയിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല, സി പി എമ്മും വികാസ് മഞ്ച് എന്ന സംഘടനയും ചേർന്നാണ് മത്സരിച്ചത്. ഈ സഖ്യത്തിലെ സ്ഥാനാർത്ഥികൾക്ക് അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു ചിഹ്നം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ജലാവർ നഗരസഭയിലെ 45 വാർഡുകളിൽ 29 എണ്ണം നേടി കോൺഗ്രസ് ഭരണത്തിലെത്തിയപ്പോൾ ബി ജെ പിക്ക് 13 വാർഡുകൾ മാത്രമാണ് നേടാനായത്.
കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
അതേസമയം, സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബി ജെ പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബി ജെ പിയും മൂന്നിടത്ത് കോൺഗ്രസും മുന്നേറി. ജോധ്പൂരിൽ ഇരുപാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മൊത്തം 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 3181 വാർഡുകളിൽ ബി ജെ പി വിജയിച്ചു. 2875 വാർഡുകളിൽ വിജയിച്ച് കോൺഗ്രസും ശക്തി തെളിയിച്ചു. 1656 വാർഡുകളിൽ സ്വതന്ത്രരാണ് വിജയക്കൊടി പാറിച്ചത്.
